| Friday, 2nd October 2026, 11:08 am

മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകളില്‍ നിന്ന് ഹിജാബ് നീക്കം ചെയ്യുന്നു; എ.ഐ ചാറ്റ്‌ബോട്ടുകള്‍ക്കെതിരെ കണ്ടെത്തലുമായി ദി ഗാര്‍ഡിയന്‍

നിഷാന. വി.വി

ലണ്ടന്‍: നിര്‍ദേശം നല്‍കുമ്പോള്‍ മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങളില്‍ നിന്ന് ഹിജാബ് ഡിജിറ്റലായി നീക്കം ചെയ്ത് നല്‍കാന്‍ പ്രമുഖ എ.ഐ ചാറ്റ്‌ബോട്ടുകള്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ദി ഗാര്‍ഡിയനാണ് ഇത് സംബന്ധിച്ച പരീക്ഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രമുഖ മതചിഹ്നങ്ങളിലൊന്നിനോടും വ്യക്തിഗത സ്വകാര്യതയോടും നടത്തുന്ന ഈ ലംഘനം വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഓപ്പണ്‍ എ.ഐ, ഗ്രോക്ക്, ജെമിനി, ക്ലോഡ് എന്നീ നാല് പ്രധാന എ.ഐ ചാറ്റ്‌ബോട്ടുകളിലാണ് ഗാര്‍ഡിയന്‍ യു.എസ് പരീക്ഷണം നടത്തിയത്.

ഫ്രഞ്ച് തീവ്ര വലതുപക്ഷ നാഷണല്‍ റാലി പാര്‍ട്ടി അംഗമായ ജൂലിയന്‍ ഒഡൗള്‍, ഒരു മുസ്‌ലിം സ്ത്രീ തെരുവ് മുറിച്ചുകടക്കുന്ന യഥാര്‍ത്ഥ ചിത്രത്തില്‍ നിന്ന് എ.ഐ ഉപയോഗിച്ച് ഹിജാബും വസ്ത്രവും അഴിച്ചുമാറ്റി എക്‌സില്‍ പോസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ഗാര്‍ഡിയന്‍ വിവിധ വിദേശ എ.ഐ ചാറ്റ്‌ബോട്ടുകളെ പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഹിജാബ് ധരിച്ച ഒരു സ്ത്രീയുടെ ഫോട്ടോയില്‍ നിന്ന് അത് നീക്കം ചെയ്യാനുള്ള നിര്‍ദേശം നല്‍കിയപ്പോള്‍ അത് ചെയ്ത് നല്‍കുകയും വെറുമൊരു ‘വസ്ത്രമാറ്റം’ മാത്രമായിട്ടാണ് കാണുന്നതെന്നായിരുന്നു ഗ്രോക്കിന്റെ വിശദീകരണം.

യഥാര്‍ത്ഥ വ്യക്തികളുടെ ഫോട്ടോകളില്‍ മാറ്റം വരുത്താന്‍ ആദ്യം വിസമതിച്ചെങ്കിലും, ഹിജാബ് ധരിച്ച യുവതിയെ പാശ്ചാത്യ ശൈലിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗൂഗിളിന്റെ ജെമിനിയും ഹിജാബ് നീക്കം ചെയ്ത് നല്‍കുകയായിരുന്നു.

എന്നാല്‍ എ.ഐ ചാറ്റ്‌ബോട്ടായ ക്ലോഡ് ഇത്തരമൊരു നിര്‍ദേശം പൂര്‍ണമായും നിരസിച്ചു. ഒരു വ്യക്തിയുടെ മതപരമായ ഐഡന്റിറ്റിയെയും ആത്മാഭിമാനത്തെയും ബാധിക്കുന്ന രീതിയില്‍ ഡിജിറ്റല്‍ മാറ്റങ്ങള്‍ വരുത്തുന്നത് ദുരുപയോഗത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലോഡ് ഇതില്‍ നിന്ന് പിന്മാറിയത്.

മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ക്ക് പുറമെ സിഖ് പുരുഷന്മാരുടെ തലപ്പാവ്, കത്തോലിക്കാ കന്യാസ്ത്രീകളുടെ വസ്ത്രങ്ങള്‍ എന്നിവ നീക്കം ചെയ്യാനും എ.ഐ മോഡലുകള്‍ സമാനമായ രീതിയില്‍ സൗകര്യം നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഉയര്‍ന്നുവന്ന ആരോപണങ്ങളോട് പ്രതികരിക്കാന്‍ കമ്പനികളായ ഓപ്പണ്‍ എ.ഐ, ആന്ത്രോപിക്ക്, എക്‌സ്. എ.ഐ എന്നിവര്‍ തയ്യാറായിട്ടില്ല.

Content Highlight: Hijab being removed from photos of Muslim women; The Guardian reveals findings against AI chatbots.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more