ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്‍ പൂരത്തിനാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.
മത്സരത്തില്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രം ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലിയായിരിക്കും. എന്നാല്‍ ഇത്തവണ വിരാട് കളത്തിലിറങ്ങുന്നത് ടി-20യിലെ ഒരു മോശം നേട്ടവുമായാണ് എന്നത് ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ കളിച്ച താരങ്ങളുടെ ലിസ്റ്റില്‍ ഒന്നാമനാണ് വിരാട് കോഹ്‌ലി.
ഈ ലിസ്റ്റില്‍ രോഹിത് ശര്‍മയും വിരാടിന് തൊട്ടുപിറകിലുണ്ട്. തന്റെ ഐ.പി.എല്‍ കരിയറില്‍ 6519 പന്തുകള്‍ നേരിട്ട വിരാട് അതില്‍ 2152 പന്തുകളും ഡോട്ടാക്കിയിട്ടുണ്ട്. ലിസ്റ്റില്‍ രണ്ടാമനായ രോഹിത് 5334 പന്തുകള്‍ നേരിട്ടെങ്കിലും 2015 പന്തുകളില്‍ റണ്‍സ് കണ്ടെത്താനായില്ല.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ കളിച്ച താരങ്ങള്‍
വിരാട് കോഹ്‌ലി – 2152
രോഹിത് ശര്‍മ – 2015
ശിഖര്‍ ധവാന്‍ – 1977
ഡേവിഡ് വാര്‍ണര്‍ – 1723
റോബിന്‍ ഉത്തപ്പ – 1472
ക്രിസ് ഗെയ്ല്‍ – 1465
അജിന്‍ക്യ രഹാനെ – 1465
2008ല്‍ ആര്‍.സി.ബിയില്‍ അരങ്ങേറ്റം നടത്തിയ വിരാട് പിന്നീടുള്ള 259 ഇന്നിങ്സില്‍ നിന്നും 8661 റണ്‍സ് ആണ് നേടിയത്. 113* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഐ.പി.എല്‍ ചരിത്രത്തില്‍ താരം രേഖപ്പെടുത്തി. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനം രോഹിത് ശര്‍മയ്ക്കാണ്. ഐ.പി.എല്ലില്‍ ഇതുവരെ 267 ഇന്നിങ്സില്‍ നിന്നും 7046 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.
അതേസമയം മാര്‍ച്ച് 29നാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളി. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Virat Kohli And Rohit Sharma In Unwanted Record List In IPL