| Tuesday, 3rd November 2026, 2:03 pm

കാലടി സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി മുൻ വി.സിമാരും പ്രോ-വി.സിമാരും

ശ്രീലക്ഷ്മി പി.പി

കാലടി: കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ വൈസ് ചാൻസലർമാരും അക്കാദമിക് വിദഗ്ധരും രംഗത്ത്.

വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സർവകലാശാല മാനിക്കണമെന്നും കുട്ടികളുടെ ഭാവി കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുൻ വി.സിമാരും പ്രോ-വി.സിമാരും മുൻ പ്രിൻസിപ്പൽ ഡീനും സംയുക്ത പ്രസ്താവന പുറത്തിറക്കി.

മുൻ വൈസ് ചാൻസലർമാരായ ഡോ. ധർമ്മരാജ് അടാട്ട്, ഡോ. എം.വി. നാരായണൻ, ഡോ. ജെ. പ്രസാദ്, മുൻ പ്രോ-വൈസ് ചാൻസലർമാരായ ഡോ. കെ.എസ്. രവികുമാർ, ഡോ. കെ. മുത്തുലക്ഷ്മി, ഡോ. എസ്. രാജശേഖരൻ, മുൻ പ്രിൻസിപ്പൽ ഡീൻ എൻ.കെ. ശങ്കരൻ എന്നിവരാണ് പ്രസ്താവന ഇറക്കിയത്.

കഴിഞ്ഞ ഓഗസ്റ്റ് 23-ന് ക്യാമ്പസിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് 16 വിദ്യാർത്ഥികളെയാണ് സർവകലാശാല അധികൃതർ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിക്കണമെങ്കിൽ മാപ്പ് പറയണമെന്ന സർവകലാശാലയുടെ ഉപാധി വിദ്യാർത്ഥികൾ തള്ളുകയായിരുന്നു. മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടോടെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം 20 മണിക്കൂർ പിന്നിട്ടു.

പി.ജി വിദ്യാർത്ഥികളുടെ പരീക്ഷകൾ നാളെ ആരംഭിക്കാനിരിക്കെയാണ് സർവകലാശാല വിദ്യാർത്ഥികൾക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. സമരരംഗത്തുള്ള വിദ്യാർത്ഥികൾക്കും നാളെ പരീക്ഷയുണ്ട്.

പരീക്ഷ മുടങ്ങുന്നതോടെ വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവി തന്നെ അനിശ്ചിതത്വത്തിലാകുന്ന സാഹചര്യത്തിലാണ് അക്കാദമിക് രംഗത്തെ പ്രമുഖർ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ഭരണസമിതിക്കെതിരെ നിലപാടെടുത്തിരിക്കുന്നത്.

Content Highlight:Former Vice-Chancellors and Pro-Vice-Chancellors extend support to the student protest at Kalady University.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more