| Friday, 30th October 2026, 2:41 pm

ഒറ്റ പൊസിഷനിലും ഒറ്റ ഇന്ത്യന്‍ താരം പോലുമില്ല; ഓപ്പണിങ് സ്ഥാനത്ത് രണ്ടും ഫിഞ്ച്, സെഞ്ച്വറിയോടെ ഇടം നേടി ഒമര്‍സായ്

ആദർശ് എം.കെ.

സിംബാബ്‌വേയ്‌ക്കെതിരായ ടി-20 സീരീസിലെ രണ്ടാം മത്സരവും വിജയിച്ച് അഫ്ഗാനിസ്ഥാന്‍ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 19 റണ്‍സിന്റെ വിജയമാണ് അഫ്ഗാന്‍ സിംഹങ്ങള്‍ സ്വന്തമാക്കിയത്.

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഷെവ്‌റോണ്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സൂപ്പര്‍ താരം അസ്മത്തുള്ള ഒമര്‍സായ്‌യുടെ സെഞ്ച്വറി കരുത്തിലാണ് അഫ്ഗാനിസ്ഥാന്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. അഞ്ച് റണ്‍സിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട ശേഷം ആറാം നമ്പറില്‍ ക്രീസിലെത്തിയ താരം 50 പന്തില്‍ 116 റണ്‍സാണ് അടിച്ചെടുത്തത്. 12 സിക്‌സറും അഞ്ച് ഫോറും അടക്കം 232.00 സ്‌ട്രൈക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഒമര്‍സായ്‌യുടെ ആദ്യ സെഞ്ച്വറിയാണിത്.

ആറാം നമ്പറില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറിന്റെ നേട്ടവും ഇതോടെ അസ്മത്തുള്ള ഒമര്‍സായ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു.

ഇതിനൊപ്പം ഒരോ പൊസിഷനിലും ഏറ്റവുമുയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലും ഒമര്‍ തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു.

അന്താരാഷ്ട്ര ടി-20യില്‍ ഓരോ പൊസിഷനിലെയും ഉയര്‍ന്ന സ്‌കോര്‍

(പൊസിഷന്‍ – താരം – എതിരാളികള്‍ – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

1. ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ) – സിംബാബ്‌വേ – 172 (76) – 2018

2. ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ) – ഇംഗ്ലണ്ട് – 156 (63) – 2013

3. ബ്രെണ്ടന്‍ മക്കെല്ലം (ന്യൂസിലാന്‍ഡ്) – ബംഗ്ലാദേശ് – 123 (58) – 2012

3. ബ്രെണ്ടന്‍ ടെയ്‌ലര്‍ (സിംബാബ്‌വേ) – ബോട്‌സ്വാന – 123 (54) – 2025

4. സിക്കന്ദര്‍ റാസ (സിംബാബ്‌വേ) – ഗാംബിയ – 133* (43) – 2024

5. ഡേവിഡ് മില്ലര്‍ (സൗത്ത് ആഫ്രിക്ക) – ഇന്ത്യ – 106* (47) – 2022

6. അസ്മത്തുള്ള ഒമര്‍സായ് (അഫ്ഗാനിസ്ഥാന്‍) – സിംബാബ്‌വേ – 116 (50) – 2026*

7. മുഹമ്മദ് നബി (അഫ്ഗാനിസ്ഥാന്‍) – അയര്‍ലന്‍ഡ് – 89 (30) – 2017

8. ഇസുരു ഉഡാന (ശ്രീലങ്ക) – സൗത്ത് ആഫ്രിക്ക – 84 (48) – 2019

9. റൊമാരിയോ ഷെപ്പേര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്) – സൗത്ത് ആഫ്രിക്ക – 52 (37) – 2026

10. അകീല്‍ ഹൊസൈന്‍ (വെസ്റ്റ് ഇന്‍ഡീസ്) – ഇംഗ്ലണ്ട് – 44* (16) – 2022

11. ഒബെഡ് മക്കോയ് (വെസ്റ്റ് ഇന്‍ഡീസ്) – ന്യൂസിലാന്‍ഡ് – 23* (15) – 2022

*മൂന്നാം നമ്പറില്‍ രണ്ട് താരങ്ങള്‍ ഒരേ സ്‌കോര്‍ നേടിയിട്ടുണ്ട്

മത്സരത്തില്‍ ഒമര്‍സായ്ക്ക് പുറമെ ഇജാസ് അഹമ്മദ്സായ് 27 പന്തില്‍ 52 റണ്‍സും അടിച്ചെടുത്തു. ഒടുവില്‍ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 221ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഷെവ്റോണ്‍സ് ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ സെഞ്ച്വറി കരുത്തില്‍ (56 പന്തില്‍ പുറത്താകാതെ 106) തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും വിജയലക്ഷ്യത്തിന് 19 റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-0ന് മുമ്പിലെത്താനും പരമ്പര നേടാനും അഫ്ഗാനിസ്ഥാന് സാധിച്ചു. നവംബര്‍ ഒന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഷാര്‍ജയാണ് വേദി.

Content Highlight: Highest scores at each batting position in international T20s – Azmatullah Omarzai claims the spot at number six.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more