| Wednesday, 14th October 2026, 6:45 am

രജിനിയുടെ റെക്കോര്‍ഡ് രജിനി തന്നെ വെട്ടിക്കേണ്ടി വരും; എല്ലാം ഒത്തുവന്നാല്‍ കോളിവുഡിലെ ഹൈയസ്റ്റ് ഗ്രോസറാവാന്‍ ജയിലര്‍ 2

അശ്വിന്‍ രാജേന്ദ്രന്‍

വലിയ കാത്തിരിപ്പിനൊടുവില്‍ ഒക്ടോബര്‍ 15ന് തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് നെല്‍സണ്‍ സംവിധാനം ചെയ്ത് രജിനികാന്ത് നായകനാകുന്ന ജയിലര്‍ 2. വലിയ താരനിര അണിനിരക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ പ്രേക്ഷകരുടെ വെയിറ്റിങ് ലിസ്റ്റിലുണ്ടായിരുന്നു. 2023ല്‍ പുറത്തിറങ്ങിയ ജയിലര്‍ നല്‍കിയ തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ് രണ്ടാം ഭാഗത്തിനുള്ള ഹൈപ്പ് വര്‍ധിപ്പിക്കുന്നതില്‍ പ്രധാന കാരണം.

അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനവും ഒപ്പം മോഹന്‍ലാലിന്റെയും കന്നട സൂപ്പര്‍താരം ശിവരാജ് കുമാറിന്റെയും കാമിയോ റോളും ചിത്രത്തെ സൗത്ത് ഇന്ത്യയൊട്ടാകെ വൈറലാക്കിയിരുന്നു. ആദ്യഭാഗങ്ങളിലുള്ളവര്‍ക്ക് പുറമെ ഹൃത്വിക് റോഷനടക്കം വമ്പന്‍ താരനിര ജയിലര്‍ 2വിലെത്തുമ്പോള്‍ ബോക്‌സ് ഓഫീസിന് തീപിടിക്കുമെന്ന് ഉറപ്പാണ്.

ജയിലര്‍ 2. Photo: District

ഇന്‍സൈഡ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്ന വിധത്തില്‍ രണ്ടാം ഭാഗത്തിന് പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ചാല്‍ തമിഴില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമാകാനുള്ള എല്ലാ സാധ്യതയും ജയിലര്‍ 2ന് മുന്നിലുണ്ട്. രജിനികാന്തിന്റെ തന്നെ ചിത്രമായ 2.0 ആണ് ഈ ലിസ്റ്റില്‍ മുന്നിലുള്ളത്. ആദ്യഭാഗമായ എന്തിരന്‍ സൃഷ്ടിച്ച ഹൈപ്പായിരുന്നു രണ്ടാം ഭാഗത്തെ വലിയ കളക്ഷനിലേക്ക് കൊണ്ടുചെന്നെത്തിച്ചത്.

കോളിവുഡിലെ ടോപ് ഗ്രോസര്‍ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത് തലൈവരുടെ തന്നെ ജയിലറാണ്. 650 കോടിയ്ക്കടുത്താണ് ചിത്രം 2023ല്‍ ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായ ലിയോ ആണ് കൂട്ടത്തില്‍ മൂന്നാം സ്ഥാനത്ത്. 615 കോടിയാണ് ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍.

2.0. Photo: Dharma Production

2.0 യ്ക്ക് സമാനമായി ജയിലര്‍ ഉണ്ടാക്കി വെച്ച ഹൈപ്പ് ജയിലര്‍ 2വിന് പ്ലസ് പോയിന്റാണ്. മാത്രമല്ല മോളിവുഡിലെ ബോക്‌സ് ഓഫീസ് രാജാവ് മോഹന്‍ലാലും കന്നടയിലെ അതികായന്‍ ശിവരാജ് കുമാറും അതത് ടെറിട്ടറിയിലെ കളക്ഷന് ആക്കം കൂട്ടും. ഒപ്പം ഹൃത്വിക് റോഷനും എത്തുമ്പോള്‍ നോര്‍ത്ത് ഇന്ത്യയിലും ജയിലര്‍ 2വിന് പ്രതീക്ഷകളേറെയാണ്.

Content Highlight: Highest Grosser movies of Tamil, Jailer 2 up for the race

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more