| Sunday, 10th May 2026, 1:40 pm

ഇസ്രഈല്‍ നയങ്ങള്‍ ഗസയിലെ ക്രൈസ്തവര്‍ക്ക് അപകടകരം;യൂറോപ്യന്‍ യൂണിയനോട് ഫലസ്തീന്‍ പ്രതിനിധി സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസസിറ്റി: ഇസ്രഈലിന്റെ നയങ്ങള്‍ ഗസയിലെ ക്രൈസ്തവ സമുദായത്തെ അപകടകരമായി ബാധിക്കുമെന്ന് യൂറോപ്യന്‍ യൂണിയനോട് ഫലസ്തീന്‍ പ്രതിനിധി സംഘം. ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ ഇടപെടല്‍ വേണമെന്നും ഹയര്‍ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റി ഫോര്‍ ചര്‍ച്ച് അഫേഴ്സ് ഇന്‍ ഫലസ്തീന്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടതായി ഫലസ്തീനിന്റെ വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിനിധി സംഘം ഇക്കാര്യം ചര്‍ച്ച ചെയ്തത്. ഫലസ്തീനില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ആശങ്കാജനകമായ തരത്തില്‍ കുറവ് വരുന്നതായി പ്രതിനിധി സംഘാംഗമായ മിത്രി റഹേബ് കൂടിക്കാഴ്ചയില്‍ പറഞ്ഞു.

ഗസയില്‍ പള്ളികള്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേര്‍ക്കുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നതായും യോഗത്തില്‍ റഹേബ് സൂചിപ്പിച്ചു. വരുന്ന പതിറ്റാണ്ടുകളില്‍ ഫലസ്തീനിയല്‍ ക്രൈസ്തവര്‍ ഇല്ലാതാവുന്നതിന് വരെ ഇസ്രഈലി നയങ്ങള്‍ കാരണമായേക്കാം എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഇസ്രഈലി ഭരണകൂടത്തിന്റെ ഭാഗമായിട്ടുള്ള തീവ്ര നിലപാട് സ്വീകരിക്കുന്നവരുടെ വിദ്വേഷ പരാമര്‍ശങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അത് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമൊരുക്കിയതായും പ്രതിനിധി സംഘാംഗം പറഞ്ഞു.

പ്രദേശത്തെ സാമുദായികവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളുടെ ഭാവിയെ കുറിച്ച് തന്നെ ആശങ്കയുയര്‍ത്തുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഫലസ്തീനിയല്‍ ക്രൈസ്തവരെ സുരക്ഷിതരാക്കുക എന്നതിനായി അന്താരാഷ്ട്ര തലത്തില്‍ മനുഷ്വത്വത്തിലൂന്നിയ ഇടപെടല്‍ വേണമെന്നും റഹേബ് അഭിപ്രായപ്പെട്ടു.

ഫലസ്തീന്‍ ജനതയ്ക്ക് സ്വാതന്ത്ര്യവും നീതിയും നേടിയെടുക്കാനും അധിനിവേശം അവസാനിപ്പിക്കാനും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുമായുള്ള ചര്‍ച്ചകളും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളും പ്രധാനമാണെന്നും പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.

Content Highlight: Committee for Church Affairs in Palestine about the impact of current Israeli policies on the Christian community in Gaza

We use cookies to give you the best possible experience. Learn more