| Thursday, 16th February 2017, 5:47 pm

ലാവ്‌ലിന്‍ കേസ്; മാധ്യമങ്ങള്‍ കോടതിയെ സമ്മര്‍ദത്തിലാക്കുന്ന വാര്‍ത്തകള്‍ നല്‍കരുത്: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കുന്ന വാര്‍ത്തകള്‍ നല്‍കരുതെന്ന് മാധ്യമങ്ങളോട് ഹൈക്കോടതി. ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് ഉബൈദ് അധ്യക്ഷനായ ബെഞ്ച് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.


Also read എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു 


പുറത്ത് നിന്നുള്ള ഒരാളെയും കേസില്‍ കക്ഷി ചേര്‍ക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി മാധ്യമപ്രവര്‍ത്തകനായ അജയന്‍ നല്‍കിയ ഹര്‍ജിയും തള്ളി. എത്രയും പെട്ടെന്ന് വാദം നടത്തി കേസ് തീര്‍ക്കണമെന്നായിരുന്നു അജയന്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. സി.ബി.ഐയും മുഖ്യമന്ത്രിയും ഒത്തുകളിക്കുകയാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും അജയന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

വിശദമായ വാദം കേള്‍ക്കാതെ പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയെന്ന് ആരോപിച്ചാണ് സി.ബി.ഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കേസില്‍ വേഗം വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയും ജസ്റ്റിസ് ഉബൈദ് തള്ളിയിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തിനായി കോടതിയെ ഉപയോഗിക്കരുതെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ ഈ നടപടി.

1996-98 കാലഘട്ടത്തില്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും 374.5 കോടിയുടെ നഷ്ടം ഉണ്ടായി എന്നതാണ് കേസ്. സി.ബി.ഐ അന്വേഷിച്ച കേസില്‍ 2013ല്‍ പിണറായി ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാരല്ലെന്ന് സി.ബി.ഐ കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഇപ്പോള്‍ ഹൈക്കോടതി പരിഗണിക്കുന്നത്.

We use cookies to give you the best possible experience. Learn more