ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 47. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ജിത്തുവിന്റെ തമിഴ് സിനിമ എന്നതിലുപരി സൂര്യയുടെ മലയാളം സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന പ്രൊജക്ടാണ് സൂര്യ 47.
മലയാളികളുടെ സ്വന്തം നസ്രിയയാണ് ഈ ചിത്രത്തിലെ നായിക. 12 വര്‍ഷത്തിന് ശേഷമാണ് നസ്രിയ ഒരു തമിഴ് സിനിമയുടെ ഭാഗമാകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തമിഴ് റീ എന്‍ട്രി കലക്കുമെന്നാണ് ഇന്‍സൈഡ് റിപ്പോര്‍ട്ട്. തമിഴിലെ സ്ഥിരം ഐ ക്യാന്‍ഡി റോളുകളില്‍ നിന്ന് വ്യത്യസ്തമാണ് സൂര്യ 47ല്‍ നസ്രിയയുടേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചിത്രത്തിലെ അതിപ്രധാനമായ ആക്ഷന്‍ സീക്വന്‍സ് ചെന്നൈയില്‍ ചിത്രീകരിക്കുകയാണ്. പ്രത്യേകമായി തയാറാക്കിയ സെറ്റിലാണ് ആക്ഷന്‍ സീനിന്റെ ഷൂട്ട്. നായകനായ സൂര്യ ഈ സീനിന്റെ ഭാഗമല്ല. നായികയായ നസ്രിയയാണ് ഈ സീനിന്റെ പ്രധാന ആകര്‍ഷണമെന്നാണ് റിപ്പോര്‍ട്ട്. ജയിലര്‍ 2ലെ ആക്ഷന്‍ കൊറിയോഗ്രാഫറായ ചേതന്‍ ഡി സൂസയാണ് ഈ ആക്ഷന്‍ സീനിന്റെയും കൊറിയോഗ്രാഫര്‍.
കരിയറിലെ ആദ്യ ആക്ഷന്‍ റോളിലേക്കുള്ള നസ്രിയയുടെ ചുവടുവെപ്പാകും സൂര്യ 47 എന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരിച്ചുവരവില്‍ ഇന്‍ഡസ്ട്രിയെ ഞെട്ടിക്കാനുള്ള പുറപ്പാടിലാണ് നസ്രിയയെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ലോകഃയിലൂടെ കല്യാണി പ്രിയദര്‍ശന്‍ ആക്ഷന്‍ റോളില്‍ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ നസ്രിയയും ട്രാക്ക് മാറ്റുകയാണ്.
നസ്രിയ മാത്രമല്ല, സൂര്യ 47ല്‍ മലയാളികളുടെ സ്വന്തം നസ്‌ലെനും ഗംഭീര കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ട്. അങ്ങേയറ്റം ക്രേസിയായ കഥാപാത്രമാണ് നസ്‌ലെന്റേതെന്ന് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ് എന്‍ട്രിയില്‍ കിടിലന്‍ റോള്‍ തന്നെയാകും നസ്‌ലെന്റേതെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ആലപ്പുഴ ജിംഖാനയിലൂടെ കരിയറിലെ അടുത്ത ലെവലിലേക്ക് ഉയര്‍ന്ന നസ്‌ലെന്റെ പുതിയ ക്യാരക്ടര്‍ ഷിഫ്റ്റ് സിനിമാലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു.
ഏറെക്കാലത്തിന് ശേഷം സൂര്യ പൊലീസ് വേഷത്തിലെത്തുന്നു എന്നതാണ് സൂര്യ 47ന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ മുമ്പ് ചെയ്തുവെച്ചതില്‍ നിന്ന് വ്യത്യസ്തമായ വേഷമാണ് സൂര്യയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് ട്രാന്‍സ്ഫറായി വരുന്ന പൊലീസ് ഓഫീസറുടെ കഥയായാണ് സൂര്യ 47 ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ കൊച്ചിയില്‍ ഷൂട്ടിന് അനുവാദം കിട്ടാത്തതിനാല്‍ കഥ ചെന്നൈയിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു.
ക്യാമറക്ക് പിന്നിലും മലയാളികളുടെ നീണ്ടനിര തന്നെയാണ് ഈ ചിത്രത്തില്‍. സുഷിന്‍ ശ്യാം സംഗീതമൊരുക്കുമ്പോള്‍ വിഷ്ണു പാലോടാണ് ഛായാഗ്രഹണം. മഷര്‍ ഹംസയാണ് ചിത്രത്തിന്റെ കോസ്റ്റിയൂം ഡിസൈനര്‍. സൂര്യയുടെ ഉടമസ്ഥതയിലുള്ള ഴഗരം സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.
Content Highlight: High octane action sequence of Nazriya in Suriya 47 movie shoot happening in Chennai