കൊച്ചി: തട്ടം വിലക്കിയതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്. മുസ്‌ലിം കുട്ടികള്‍, ഹിന്ദു കുട്ടികള്‍ എന്ന് വേര്‍തിരിച്ചുള്ള പരാമര്‍ശത്തിനാണ് കോടതി താക്കീത് നല്‍കിയത്. അഭിഭാഷകയായ ബിമല ബേബിക്കാണ് ഹൈക്കോടതിയുടെ താക്കീത്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളേ ഉള്ളൂവെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ ചൂണ്ടിക്കാട്ടി.
മതം തിരിച്ച് പറയേണ്ടതില്ലെന്നും കുട്ടികളെ വേര്‍തിരിച്ച് കാണുന്നത് എന്തിനെന്നും ഹൈക്കോടതി വിമര്‍ശിച്ചു. അതേസമയം തട്ടം വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ച പള്ളുരുത്തി സെന്റ്. റീത്താസ് പബ്ലിക് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു.
തട്ടം ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കാമെന്ന ഡി.ഡി.ഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് തേടിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതിന് ശേഷം മാത്രമായിരിക്കും വിഷയത്തില്‍ ഹൈക്കോടതിയുടെ വിധിയുണ്ടാവുക.
തട്ടം ധരിച്ചുകൊണ്ട് തന്നെ കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്നും ക്ലാസ് റൂമിലടക്കം ശിരോവസ്ത്രം ധരിച്ച് കൊണ്ട് കുട്ടിയെ പ്രവേശിപ്പിക്കണമെന്നും സ്‌കൂളിനോട് ആവശ്യപ്പെടുന്ന ഡി.ഡി.ഇയുടെ ഉത്തരവിന് എതിരെയായിരുന്നു സ്‌കൂള്‍ ഹൈക്കോടതിയെ സമീപിച്ചത്.
അടുത്ത വെള്ളിയാഴ്ച ഹരജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. തങ്ങളുടേത് സി.ബി.എസ്.ഇ സ്‌കൂളാണെന്നും അതിനാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും ഡി.ഡി.ഇയ്ക്കും ഇത്തരം നടപടികള്‍ സ്വീകരിക്കാനുള്ള അധികാരമില്ലെന്നും ഇതൊരു അമിതാധികാര പ്രയോഗമാണെന്നുമായിരുന്നു സ്‌കൂള്‍ സമര്‍പ്പിച്ച ഹരജി.
നേരത്തെ, കൊച്ചി പള്ളുരുത്തിയിലെ സ്വകാര്യ സ്‌കൂളായ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ തട്ടം ധരിച്ചെത്തുന്നതില്‍ നിന്നും വിലക്കിയിരുന്നു. യൂണിഫോം കോഡ് പാലിച്ചില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തുകയും വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
ജൂണ്‍-ജൂലൈ മാസത്തില്‍ കുട്ടി ഒന്നുരണ്ട് തവണ ശിരോവസ്ത്രം ധരിച്ചെത്തിയിരുന്നു. തുടര്‍ന്ന് യൂണിഫോം നിബന്ധനകള്‍ പാലിക്കാന്‍ എല്ലാ കുട്ടികളും ബാധ്യസ്ഥരാണെന്നും അതൊരാളായിട്ട് ലംഘിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് നിലപാടെടുത്തു.
Content Highlight: High Court warns lawyer while considering petition related to ban on Head Scarf