| Monday, 21st September 2026, 1:23 pm

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീലിന്റെയും ജാമ്യാപേക്ഷ; വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു

റെന്വര്‍ പി

ന്യൂദല്‍ഹി: ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷയില്‍ ദല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കുന്നത് ഈ മാസം 30ലേക്ക് മാറ്റി. കേസില്‍ കോടതി ഇന്ന് (സെപ്തംബര്‍ 21, തിങ്കള്‍) വാദം കേള്‍ക്കേണ്ടതായിരുന്നു.

എന്നാല്‍ സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി) ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വാദം കേള്‍ക്കല്‍ മാറ്റിവെക്കുകയായിരുന്നു. അസുഖം കാരണം അടുത്ത തീയതി അനുവദിക്കണമെന്ന് എ.എസ്.ജി ആവശ്യപ്പെടുകയായിരുന്നെന്ന് ഉമര്‍ ഖാലിദിന്റെ മോചനത്തിനായി ആവശ്യപ്പെടുന്ന സോഷ്യല്‍ മീഡിയ പേജുകള്‍ അറിയിച്ചു.

‘അസുഖം കാരണം അടുത്ത തീയതി അനുവദിക്കണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്, ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകളിലുള്ള വാദം കേള്‍ക്കല്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നടന്നില്ല. വാദം കേള്‍ക്കല്‍ സെപ്റ്റംബര്‍ 30-ലേക്ക് മാറ്റി,’ എന്ന് ‘ഫ്രീ ഉമര്‍ ഖാലിദ്’ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ജസ്റ്റിസ് ദിനേഷ് ഭട്ട് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കേണ്ടിയിരുന്നതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ജൂലൈ നാലിന് തന്റെ മൂന്നാമത്തെ ജാമ്യാപേക്ഷ തള്ളിയ വിചാരണക്കോടതി നടപടിയെ ചോദ്യം ചെയ്താണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഹൈക്കോടതിയ സമീപിച്ചത്. ഇരുവരുടെയും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി പാലിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ജൂലൈ നാലിന്റെ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു.

ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) നിയമത്തിലെ വകുപ്പ് 21 പ്രകാരമാണ് ഈ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

ഈ വര്‍ഷം ജനുവരി അഞ്ചിന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഉമറിനും ഷര്‍ജീലിനും ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ സംരക്ഷിത സാക്ഷികളെ വിസ്തരിച്ചതിന് ശേഷമോ അല്ലെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷമോ മാത്രമേ ഇരുവരും വീണ്ടും ജാമ്യം തേടാവൂ എന്നും സുപ്രീംകോടതി അന്ന് നിര്‍ദ്ദേശിച്ചിരുന്നു. അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരുടെ രണ്ടംഗ ബെഞ്ചിന്റേതായിരുന്നു ഈ ഉത്തരവ്.

എന്നാല്‍ ജനുവരിയിലെ സുപ്രീം കോടതി വിധിയില്‍ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് ഈ വര്‍ഷം മെയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നേരത്തെ മറ്റൊരു കേസില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി മറി കടന്നാണ് അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരുടെ രണ്ടംഗ ബെഞ്ച് ഷര്‍ജീലിനും ഉമറിനും ജാമ്യം നിഷേധിച്ചതെന്നായിരുന്നു ബി.വി. നാഗരത്ന, ഉജ്ജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ച് മെയില്‍ മറ്റൊരു കേസ് പരിഗണിക്കവെ നിരീക്ഷിച്ചത്.

യു.എ.പി.എ കേസുകളില്‍ വിചാരണക്കുള്ള കാലതാമസം ജാമ്യം നല്‍കാന്‍ മതിയായ കാരണമാണെന്ന് 2021ലെ കെ.എം. നജീബ് കേസില്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി നിലവിലുണ്ട്. ഈ വിധി ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യഹരജി പരിഗണിച്ച രണ്ടംഗ ബെഞ്ച് മറികടന്നു. കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്റെ നേരത്തെയുള്ള വിധികള്‍ കുറഞ്ഞ അംഗങ്ങളുള്ള ബെഞ്ച് പിന്തുടരേണ്ടതുണ്ടെന്ന് നാഗരത്നയുടെയും, ഉജല്‍ ഭുയ്യാന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് ശേഷമാണ് ഉമറും ഷര്‍ജീലും ആദ്യം വിചാരണ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ജാമ്യാപേക്ഷകള്‍ സമര്‍പ്പിച്ചത്. വിചാരണ കോടതി ഇരുവരുടെയും ജാമ്യാപേക്ഷകള്‍ നേരത്തെ തള്ളിയിരുന്നു. ഇതിന് ശേഷം ഷര്‍ജീലും ഉമറും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Content Higfhlight: High Court To Hear Bail Pleas Of Umar Khalid, Sharjeel Imam On September 30

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more