കോഴിക്കോട്: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ സുധാകരന്‍. നിരാഹാര സമരം ഏകപക്ഷീയമായി അവസാനിപ്പിക്കാന്‍ പറഞ്ഞ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് തെറ്റാണെന്ന് കെ.പി.സി.സി ജനറല്‍ ബോഡി യോഗത്തില്‍ സുധാകരന്‍ വിമര്‍ശിച്ചു. കണ്ണൂരിലെ നിരാഹാരം തുടരണമായിരുന്നു, എത്ര വരെ തുടരാനും താന്‍ തയാറായിരുന്നു, ഏകപക്ഷീയമായി സമരം നിര്‍ത്താന്‍ പറഞ്ഞത് ശരിയായില്ല, ഗാന്ധിരീതിയിലുള്ള സമരവുമായി മുന്നോട്ട് പോയത് കൊണ്ട് കാര്യമില്ലെന്നും സുധാകരന്‍ യോഗത്തല്‍ പറഞ്ഞു.
യുവാക്കളെ സംരക്ഷിക്കാന്‍ പാര്‍ട്ടിക്കാകണം, സി.പി.എമ്മിനെ അതേ നാണയത്തില്‍ നേരിടണം, ഇല്ലെങ്കില്‍ യുവാക്കള്‍ ഈ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. സി.പി.എമ്മിനെ പ്രതിരോധിക്കുന്നത് കൊണ്ടാണ് യുവാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നത്. ത്രിപുരയില്‍ സംഭവിച്ചതും അതു തന്നെ. ഇങ്ങനെപോയാല്‍ ത്രിപുര കേരളത്തിലും ആവര്‍ത്തിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
സുധാകരന്റേത് വ്യക്തിപരമായ നിലപാടുകളാണെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം. നേതാക്കള്‍ക്ക് സംസാരിക്കാന്‍ മാത്രം യോഗം വിളിച്ചുചേര്‍ക്കുന്ന രീതിയെ രാജ്‌മോഹന്‍ ഉണ്ണിത്താനും വിമര്‍ശിച്ചു.
ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി ഉത്തരവ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല.
അതേസമയം സി.പി.ഐ.എം ഒരന്വേഷണത്തേയും ഭയപ്പെടുന്നില്ലെന്നും സി.ബി.ഐ പൂര്‍ണ്ണമായും ആര്‍.എസ്.എസിന് നിയന്ത്രിക്കാന്‍ കഴിയുന്ന ഏജന്‍സിയാണെന്നും മുഖ്യമന്ത്രി. സി.പി.ഐ.എമ്മിനെ വേട്ടയാടാനാണ് ഉദ്ദേശമെങ്കില്‍ അതിനെ എതിര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ശരിയല്ലെന്ന് സര്‍ക്കാര്‍ തന്നെ പറഞ്ഞാല്‍ പിന്നെ പൊലീസ് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഹൈക്കോടതിക്ക് അവരുടേതായ ന്യായങ്ങള്‍ ഉണ്ടാകും അതേപറ്റി തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു