| Thursday, 13th November 2025, 1:53 pm

എസ്.ഐ.ആറിൽ സുപ്രീം കോടതിയെ സമീപിക്കാൻ കേരളത്തോട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എസ്.ഐ.ആറിൽ സുപ്രീം കോടതിയെ സമീപിക്കാൻ കേരളത്തോട് നിർദേശിച്ച് ഹൈക്കോടതി.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് നിരവധി ഹരജികൾ സുപ്രീം കോടതിയുടെ പരിഗണയിൽ ഉണ്ടെന്നും ഈ സാഹചര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്നും ഹൈക്കോടതി പറഞ്ഞു.

എസ്.ഐ. ആറിന്റെ പരമാധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കമ്മീഷന്റെ തീരുമാനത്തെ പാർലമെന്റിന് പോലും ചോദ്യം ചെയ്യാനാകില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു.

തമിഴ്നാടടക്കമുള്ള സംസ്ഥാനങ്ങൾ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയിൽ ഈ വിഷയം പരിഗണനയിലിരിക്കുന്നതിനാൽ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് വി.ജി അരുൺ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

അതേസമയം ഇന്ന് തെരഞ്ഞെടുപ്പ് കാലത്തെ ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണപ്രതിസന്ധിക്കും എസ്.ഐ.ആർ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ഇതിനിടെ എസ്.ഐ.ആർ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തേണ്ടതുണ്ട്.

ഇത് ഭരണപ്രതിസന്ധിക്ക് കാരണമാകും. എസ്.ഐ. ആർ അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്നും ഇത് നിർത്തിവെക്കണമെന്നും സംസ്ഥാന സർക്കാർ ഇന്ന് കോടതിയിൽ വാദിച്ചു.

എന്നാൽ സംസ്ഥാന സർക്കാരിന്റെ ഹരജി ദുരുദേശമാണെന്നും എസ്.ഐ.ആറുമായി ബന്ധപ്പെട്ട് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തിയിരുന്നെന്നും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.

നടപടികൾ ഏറെക്കുറെ പൂർത്തിയായതിനാൽ ഈ സാഹചര്യത്തിൽ എസ്.ഐ.ആർ നിർത്തിവെക്കാനാകില്ലെന്നാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

Content Highlight: High Court tells Kerala to approach Supreme Court on SIR

We use cookies to give you the best possible experience. Learn more