| Saturday, 6th December 2025, 10:36 am

ആദ്യ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യ ഹരജി 15ന് പരിഗണിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുഖ്യമന്ത്രിക്കുള്‍പ്പെടെ നല്‍കിയ ആദ്യ പരാതിയിലാണ് ഹൈക്കോടതി നടപടി.

ഹരജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘത്തിനോട് കോടതി റിപ്പോര്‍ട്ട് തേടി. പ്രോസിക്യൂഷനും കോടതി നോട്ടീസ് അയച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസ് ഇനി കോടതി പരിഗണിക്കുക തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി പറഞ്ഞു. കേസില്‍ പെട്ടെന്ന് തീരുമാനമെടുക്കരുതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

അതേസമയം, രാഹുല്‍ രണ്ടാമത്തെ കേസിലും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമങ്ങള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലാ സെഷന്‍സ് കോടതിയിലായിരിക്കും ഹരജി നല്‍കുക.

രാഹുല്‍ മാങ്കൂട്ടത്തില്‍ photo: Deshabhimani

പീഡന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളത്തിന് പുറത്താണെന്നാണ് റിപ്പോര്‍ട്ട്.

കോടതി വിധി താത്ക്കാലിക ആശ്വാസമായതോടെ രാഹുല്‍ പുറത്തെത്തിയേക്കും. കഴിഞ്ഞ പത്ത് ദിവസമായി രാഹുല്‍ ഒളിവിലാണ്.

ഇതിനിടെ രാഹുലിനെ കേരളത്തില്‍ നിന്നും പുറത്തുകടക്കാന്‍ സഹായം നല്‍കിയ സ്റ്റാഫായ ഫസലിനെതിരെയും പൊലീസ് കേസെടുത്തിരുന്നു.

നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ലൈംഗികാതിക്രമ പരാതിയില്‍ സുഹൃത്തും അനുയായിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഫെന്നിനൈനാനെ പ്രതിചേര്‍ത്തിരുന്നു.

പരാതിയില്‍ അതിജീവിത ഫെനി നൈനാന്റെ പേരും പരാമര്‍ശിച്ചതോടെയാണ് എസ്.ഐ.ടിയുടെ നടപടി.

രാഹുല്‍ തന്നെ ഹോംസ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്നും അവിടേക്ക് കൊണ്ടുപോകാനായി വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാന്‍ ഉണ്ടായിരുന്നെന്നും അതിജീവിത പരാതിയില്‍ പറഞ്ഞിരുന്നു. കാര്‍ ഓടിച്ചത് ഫെന്നി നൈനാനാണെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

Content Highlight: High Court stays Rahul Mamkootathil’s arrest

We use cookies to give you the best possible experience. Learn more