| Wednesday, 8th October 2025, 1:37 pm

മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാന്‍ കഴിയില്ലെന്ന് കേന്ദ്രം; ആരെയാണ് വിഡ്ഢികളാക്കുന്നതെന്ന് കോടതിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വയനാട് മുണ്ടക്കൈ ദുരന്തബാധിതരുടെ ബാങ്ക് വായ്പ്പയിന്‍മേലുള്ള ജപ്തി നടപടി വിലക്കി ഹൈക്കോടതി. ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് പറഞ്ഞ് ആരേയാണ് കേന്ദ്രം വിഡ്ഢികളാക്കുന്നതെന്നും കോടതി ചോദിച്ചു. വായ്പകള്‍ എഴുതിത്തള്ളാന്‍ മനസുണ്ടോയെന്നും ബാങ്കുകള്‍ ബ്ലൂപ്രിന്റ് തയ്യാറാക്കി സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്ന് വിശദീകരിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ജയകൃഷ്ണന്‍ നമ്പ്യാരടങ്ങുന്ന ബെഞ്ചിന്റെ വിമര്‍ശനം. മാത്രമല്ല ബാങ്കുകളെ ഹരജിയില്‍ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന് വായ്പ എഴുതി തള്ളാനാകില്ലെന്ന അവകാശവാദം തെറ്റായ നിലപാടാണെന്നും ഭരണഘടനയില്‍ അതിനുള്ള വ്യവസ്ഥയുണ്ടെന്നും അത് വായിക്കണമെന്നും കോടതി വിമര്‍ശിച്ചു. ഗുജറാത്തിനും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്നും സഹായിക്കാന്‍ തയ്യാറല്ലെങ്കില്‍ അത് ജനങ്ങളോട് പറയൂ എന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും കോടതി പറഞ്ഞു.

അതേസമയം വയനാട് മുണ്ടക്കൈ ചൂരല്‍മല പുനര്‍നിര്‍മാണത്തിന് കഴിഞ്ഞയാഴ്ച മാത്രമാണ് 260 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും കേരളം ആവശ്യപ്പെട്ടതില്‍ പത്തില്‍ ഒന്ന് മാത്രമായിരുന്നു ഇത്. കേരളം ഉള്‍പ്പടെ ഒമ്പത് സംസ്ഥാനങ്ങള്‍ക്കാണ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും സഹായം നല്‍കിയത്. അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഒമ്പത് സംസ്ഥാനങ്ങള്‍ക്കായി 4645 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. അസമിന് മാത്രം 1270 കോടി രൂപയുടെ സഹായമാണ് നല്‍കുക. വെള്ളപ്പൊക്ക പ്രതിരോധ പദ്ധതിയില്‍ തിരുവനന്തപുരത്തിന് ധന സഹായം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Content Highlight: High Court stays foreclosure proceedings on bank loans of Wayanad Mundakai disaster victims

We use cookies to give you the best possible experience. Learn more