കൊച്ചി: ലക്ഷദ്വീപില്‍ ത്രിഭാഷാ സംവിധാനം നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞ് കേരള ഹൈക്കോടതി. പ്രാദേശിക ഭാഷയായ മഹല്‍, അറബി എന്നീ ഭാഷകളെ സിലബസില്‍ നിന്ന് ഒഴിവാക്കുന്ന നടപടിയാണ് തടഞ്ഞിരിക്കുന്നത്.
ജൂൺ ഒമ്പതിന് സ്കൂൾ തുറക്കാനിരിക്കെയാണ് ഹൈക്കോടതി താത്കാലികമായി സ്റ്റേ പുറപ്പെടുവിച്ചത്. ലക്ഷദ്വീപ് സ്വദേശിയായ പി.കെ. അജാസ് അക്ബർ നൽകിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതി നടപടി.
ജസ്റ്റിസ് വസന്ത ബാനർജി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകള്‍ സിലബസില്‍ ഉൾപ്പെടുത്താനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.
70 വർഷമായി നിലനിൽക്കുന്ന സംവിധാനത്തെയാണ് ഉത്തരവിലൂടെ അലോസരപ്പെടുത്തുന്നതെന്നായിരുന്നു ഹരജിക്കാരന്റെ വാദം. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി, ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തിരുന്നോയെന്ന് ചോദ്യമുയർത്തിയിരുന്നു.
മെയ് 14ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ത്രിഭാഷാ നയം സംബന്ധിച്ച് ഒരു ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം മിനിക്കോയ് ദ്വീപിലെ മഹല്‍ ഭാഷയേയും ദ്വീപീല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന അറബി ഭാഷയേയും സിലബസില്‍ നിന്ന് പുറത്താക്കാനായിരുന്നു കേന്ദ്രത്തിന്റെ നീക്കം.
വിദ്യാഭ്യാസ ഡയറക്ടര്‍ റാം പത്മകുമാര്‍ ത്രിപാഠിയാണ് ത്രിഭാഷ നയം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്. ദേശീയ വിദ്യാഭ്യാസ നയം 2020, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍.സി.എഫ് 2023) എന്നിവ പ്രകാരമായിരുന്നു ഉത്തരവ്.
ലക്ഷദ്വീപില്‍ കേരള, സി.ബി.എസ്.ഇ സിലബസുകളിലാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. പത്ത് ദ്വീപകളിലായി 3092 വിദ്യാര്‍ത്ഥികളാണ് കേരള സിലബസ് പഠിക്കുന്നത്. മിനിക്കോയിയിലെ സംസാരഭാഷയായ മഹല്‍ ഭാഷയും സ്‌കൂളുകളില്‍ പഠിപ്പിക്കുന്നുണ്ട്.
മഹല്‍ സംസാരിക്കുന്ന ഭൂരിഭാഗം ആളുകള്‍ക്കും മലയാളം അറിയില്ല എന്നതും മറ്റൊരു പ്രതിസന്ധിയാണ്. മിനിക്കോയ് ഒഴികെയുള്ള ദ്വീപുകളില്‍ ജസരി എന്ന ലിപിയില്ലാത്ത ഭാഷയാണ് സംസാരിക്കുന്നത്. ഇവര്‍ക്ക് പുറമെ അറബി പഠിക്കുന്ന വലിയൊരു വിഭാഗവും ലക്ഷദ്വീപിലുണ്ട്.
Content Highlight: High Court stays central move to remove regional languages from Lakshadweep syllabus