| Friday, 29th June 2012, 3:34 pm

കാരായിമാരെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഫസല്‍ വധക്കേസില്‍ ബുദ്ധികേന്ദ്രമെന്ന് അന്വേഷണ സംഘം വിശേഷിപ്പിച്ച സി.പി.ഐ.എം നേതാക്കളായ കാരായി രാജനേയും ചന്ദ്രശേഖരനേയും പോലീസ് കസ്റ്റഡിയില്‍ വിട്ട നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഏഴ് ദിവസം സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടുനല്‍കിയ  ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

തിങ്കളാഴ്ച വരെയാണ് സ്‌റ്റേ. സി.ജെ.എം കോടതിയുടെ വിധിക്കെതിരെ ഇരുവരും സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഹരജിയില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും.

സി.ബി.ഐയുടെ ആവശ്യം പരിഗണിച്ച് സി.ജെ.എം കോടതി ഇവരെ കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നതായി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ഇന്ന് കോടതിയില്‍ ഹാജരായ കാരായി രാജനെയും ചന്ദ്രശേഖരനെയും ഏഴ് ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്.

ഫസലിനെ കൊലപ്പെടുത്തിയതിന്റെ ബുദ്ധികേന്ദ്രം സി.പി.ഐ.എം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനുമാണെന്ന് സി.ബി.ഐ നേരത്തെ പറഞ്ഞിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച കേസന്വേഷണ റിപ്പോര്‍ട്ടിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.

2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെയാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ (35) തലശേരി മാടപ്പീടികയ്ക്ക് സമീപം  വെട്ടേറ്റു മരിച്ചത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസുകാരാണെന്നായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. സി.ബി .ഐ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് കണ്ടെത്തിയത്.

ഫസലിന്റെ ഭാര്യയുടെ ഹരജിയെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവനുസരിച്ചാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. ഫസല്‍ സി.പി.ഐ.എം വിട്ട് എന്‍.ഡി.എഫിലേക്ക് മാറിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സി.പി.ഐ.എം  തലശേരി ഏരിയാ സെക്രട്ടറിയായിരുന്നു കാരായി രാജന്‍, സി.പി.ഐ.എം തലശേരി തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയാണ് കാരായി ചന്ദ്രശേഖരന്‍. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ കാരായി രാജനെ കേസിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

We use cookies to give you the best possible experience. Learn more