| Friday, 3rd October 2025, 12:48 pm

ടി.വി.കെയ്ക്ക് തിരിച്ചടി; കരൂര്‍ ദുരന്തത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി തള്ളി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ നിര്‍ണായക ഇടപെടലുമായി മദ്രാസ് ഹൈക്കോടതി. അപകടത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റേത് അടക്കമുള്ള ഹരജികൾ  ഹൈക്കോടതി തള്ളി.

നിലവില്‍ ജുഡീഷ്യൽ അന്വേഷണം നടക്കുകയാണെന്നും അത് തുടരട്ടേയെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദണ്ഡപാണി, ജോതിരാമന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കരൂര്‍ ദുരന്തത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിച്ചത്.

ഏഴ് ഹരജികളാണ് ഇന്ന് (വെള്ളി) ലിസ്റ്റ് ചെയ്തിരുന്നത്. മധുരയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ കെ.കെ. രമേശും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുണ്ട്.

റാലിക്കിടയുണ്ടായ തിക്കിലും തിരക്കിലും മരണപ്പെട്ട 41 പേരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് രമേശിന്റെ ആവശ്യം.

അതേസമയം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി. ജനങ്ങള്‍ക്ക് നടക്കാനുള്ള റോഡില്‍ റാലി നടത്താന്‍ അനുമതി നല്‍കിയത് ആരാണെന്നും കോടതി ചോദിച്ചു. കൂടാതെ ദേശീയപാതയില്‍ റാലി നടത്താന്‍ മാനദണ്ഡങ്ങള്‍ രൂപീകരണമെന്നും നിര്‍ദേശമുണ്ട്.

അതുവരെ ആര്‍ക്കും ദേശീയപാതയില്‍ റാലി നടത്താന്‍ അനുമതിയില്ലെന്നും കോടതി പറഞ്ഞു. പിന്നാലെ പൊതുപ്രവര്‍ത്തനങ്ങള്‍ക്കുള്ള പുതിയ ചട്ടം തയ്യാറാക്കുന്നതുവരെ റാലികള്‍ക്ക് അനുമതി നല്‍കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

ഇതിനുപുറമെ അപകടത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം സംബന്ധിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സർക്കാരിന്റെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിർദേശം.

ദുരന്തത്തില്‍ വലിയ തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐയോ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘമോ വേണമെന്നായിരുന്നു വിജയ്യുടെയും പാര്‍ട്ടിയുടെയും ആവശ്യം.

കോടതിയുടെ മേല്‍നോട്ടത്തില്‍ അപകടത്തിന്റെ പ്രധാന തെളിവായ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെടാതിരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പതിനായിരം പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്ന റാലിയിലേക്ക് നിയന്ത്രണാതീതമായി ആളുകള്‍ ഒഴുകിയെത്തിയതോടെയാണ് കരൂരില്‍ അപകടമുണ്ടായത്.

Content Highlight: High Court rejects plea seeking CBI probe into Karur tragedy

We use cookies to give you the best possible experience. Learn more