കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണെന്നാണ് കോടതി ഉന്നയിച്ച പ്രധാന ചോദ്യം.
അയ്യപ്പ സംഗമത്തിനെത്തുന്ന ആളുകളില്‍ നിന്ന് ശേഖരിക്കുന്ന പണം എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഈ പണം എങ്ങനെ ചെലവഴിക്കുമെന്നും കോടതി ചോദിച്ചു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹരജികള്‍ പരിഗണിച്ചുകൊണ്ട് ഡിവിഷന്‍ ബെഞ്ചാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
സ്പോണ്‍സര്‍ഷിപ്പ് വഴി ലഭിക്കുന്ന പണം ശേഖരിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിയതിലും ചോദ്യമുന്നയിച്ചു. കൂടാതെ അയ്യപ്പ സംഗമത്തിലേക്ക് 3000 പേരെ ക്ഷണിച്ചതിന്റെ മാനദണ്ഡം എന്താണെന്നും ചോദ്യമുണ്ട്. ഹരജികളിൽ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് നീട്ടിവെച്ചു.
അയ്യപ്പ സംഗമം രാഷ്ട്രീയ പ്രേരിതമാണെന്നും ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. അയ്യപ്പനെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു.
എന്നാല്‍ അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്നും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവരാണ് സംഗമത്തില്‍ പങ്കെടുക്കുകയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കുംഭമേളയുടെ മാതൃകയിലാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുകയെന്നും സര്‍ക്കാര്‍ പറഞ്ഞു. മത സ്ഥാപനങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നതില്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്.
ശബരിമലക്കായി മാസ്റ്റര്‍ പ്ലാന്‍ 2050 മുന്നിലുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഈ മാസ്റ്റര്‍ പ്ലാനിന് ഏകദേശം 1300 കോടി രൂപയോളം ചെലവാകും.
അതേസമയം അയ്യപ്പന്റെ പേരില്‍ ശേഖരിക്കുന്ന പണം എങ്ങനെ ചെലവഴിക്കുമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പാണ് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത്.
Content Highlight: What is the plan to do with the money collected from those attending Ayyappa Sangamam? HC asks govt