| Wednesday, 10th September 2025, 8:52 am

പ്രണയം തുടരാന്‍ ആഗ്രഹമെന്ന് പെണ്‍കുട്ടി; 18കാരനെതിരായ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സഹപാഠിയുമായി പ്രണയം തുടരാനാണെന്ന് ആഗ്രഹമെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ 18കാരനെതിരായ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി.

ഹരജിക്കാരനുമായി പ്രണയം തുടരാനാണ് ആഗ്രഹമെന്ന് വ്യക്തമാക്കി പെണ്‍കുട്ടി തന്നെ സത്യവാങ്മൂലം ഫയല്‍ ചെയ്ത സാഹചര്യത്തില്‍ കേസ് തുടരുന്നത് യുവാവിന്റെ ഭാവി തകര്‍ക്കുമെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.

തന്റെ മേല്‍ ചുമത്തിയ പോക്‌സോ കേസ് റദ്ദാക്കണമെന്ന 18കാരന്റെ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി. ജസ്റ്റിസ് എസ്. ഗിരീഷാണ് ഹരജി പരിഗണിച്ചത്. കേസ് ഇല്ലാതായാല്‍ ഇരുവരും ഒന്നിച്ചു ജീവിക്കാനുളള സാധ്യത കൂടുതലാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം പോക്സോ കോടതിയുടെ പരിഗണനയിലുളള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് 18കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. 2023ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.

സ്‌കൂളില്‍ സഹപാഠിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു ആണ്‍കുട്ടിക്കെതിരായ കേസ്. യുവാവും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഈ സമയത്ത് പെണ്‍കുട്ടിക്ക് പതിനേഴ് വയസായിരുന്നു പ്രായം. പതിനെട്ട് വയസാകാന്‍ ആറ് മാസം കൂടിയുണ്ടായിരുന്നു.

ആറ് മാസത്തിന് ശേഷം, 18 വയസ് പൂര്‍ത്തിയായതിന് ശേഷമേ ഉഭയസമ്മതമായ ബന്ധമായി കണക്കാക്കാന്‍ സാധിക്കൂ. കൗമാരചാപല്യമാണ് ക്രിമിനല്‍ക്കേസായി പരിണമിച്ചതെന്നും കോടതി വിലയിരുത്തി.

Content Highlight: High Court quashes POCSO case against 18-year-old

We use cookies to give you the best possible experience. Learn more