കൊച്ചി: ട്രെയിനില്‍ നിന്ന് വീണ് കാല് അറ്റുപോയ സംഭവത്തില്‍ യാത്രികന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. മാധ്യമപ്രവര്‍ത്തകനായ സിദ്ധാര്‍ത്ഥ് കെ. ഭട്ടതിരിയാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്.
എട്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവ്. മൂന്നുവര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് സിദ്ധാര്‍ത്ഥിന് അനുകൂലമായ വിധിയുണ്ടാകുന്നത്.
സ്വയം വരുത്തിവെച്ച അപകടമാണെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ട്രൈബ്യൂണലിന്റെ ഉത്തരവ്. ഇതിനെ ചോദ്യം ചെയ്താണ് സിദ്ധാര്‍ത്ഥ് ഹൈക്കോടതിയെ സമീപിച്ചത്.
2022 നവംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദല്‍ഹിയിലേക്കുള്ള യാത്രക്കിടെ ഗുജറാത്തിലെ സൂറത്തില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ അപകടത്തില്‍പ്പെട്ടത്. വെള്ളം വാങ്ങാന്‍ സ്റ്റേഷനിലിറങ്ങിയ സിദ്ധാര്‍ത്ഥ് തിരിച്ച് ട്രെയിനില്‍ കയറുന്നതിനിടെ കാല് വഴുതി വീഴുകയായിരുന്നു.
ട്രെയിനിനുള്ളില്‍ ഭക്ഷണ സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് യുവാവ് സ്റ്റേഷനിലിറങ്ങിയത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിച്ചതോടെ ഉണ്ടായ അപകടത്തില്‍ സിദ്ധാര്‍ത്ഥിന്റെ രണ്ട് കാലും അറ്റു.
ഇതിനുപിന്നാലെ നഷ്ടപരിഹാരത്തിനായി മാധ്യമപ്രവര്‍ത്തകന്‍ റെയില്‍വേ ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചു. എന്നാല്‍ സ്വയം വരുത്തിവെച്ച അപകടമെന്നാണ് ട്രൈബ്യൂണല്‍ നല്‍കിയ മറുപടി.
അതേസമയം, അപകടമുണ്ടാകണമെന്ന് മുന്‍കൂട്ടി തീരുമാനിച്ച ശേഷമല്ല മാധ്യമപ്രവര്‍ത്തകന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
അപകടം മനപൂര്‍വം ഉണ്ടാക്കിയതല്ലെന്നും പരാതിക്കാരന്റെ വാദങ്ങള്‍ സുപ്രീം കോടതിയുടെ നോ ഫോള്‍ട്ട് റൂളിന് കീഴില്‍ വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Content Highlight: High Court orders compensation of Rs 8 lakh to passenger who lost leg after falling from train