ചണ്ഡിഗഢ്: ഹരിയാനയില്‍ മസ്ജിദിന് മുകളിലെ ദേശീയപതാക മാറ്റി കാവിക്കൊടി സ്ഥാപിച്ച പ്രതിക്ക് ജാമ്യം നിഷേധിച്ച് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. പ്രതി മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്നാണ് കോടതി ജാമ്യാപേക്ഷയില്‍ പ്രതികരിച്ചത്. ഹരിയാനയിലെ മേവാത് ജില്ലയിലെ ഉന്തോണ്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ള വികാസ് തോമര്‍ എന്നയാളാണ് ഗ്രാമത്തിലെ മസ്ജിദില്‍ സ്ഥാപിച്ച ദേശീയ പതാക മാറ്റി അവിടെ കാവിക്കൊടി നാട്ടിയത്. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് മനീഷ് ബത്ര അധ്യക്ഷനായ ബെഞ്ചും തോമറിന് ജാമ്യം നിഷേധിച്ചു.
കുറ്റകൃത്യത്തിന്റെ ഗൗരവവും സമൂഹത്തിന്റെ ക്രമസമാധാനവും തകര്‍ക്കാനുള്ള സാധ്യതകള്‍ ഈ കേസില്‍ കാണുന്നുണ്ടെന്ന് പറഞ്ഞ കോടതി സാമുദായിക സമാധാനം തകര്‍ക്കാനുള്ള ശ്രമം അവഗണിക്കാന്‍ കഴിയില്ലെന്നും കണ്ടെത്തി. ജൂലൈ എഴിനായിരുന്നു കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.
ബി.എന്‍.എസിലെ ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയല്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം നടത്തുന്നതിന് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
‘സമാധാനവും പൊതുസുരക്ഷയും അപകടത്തിലാക്കാന്‍ പ്രതി നടത്തിയ ശ്രമം അവഗണിക്കാനാകില്ല. അറസ്റ്റിന് മുമ്പ് ജാമ്യം അനുവദിക്കുന്നതിന് ആവശ്യമായ ഒരു സാഹചര്യം ഹരജിക്കാരന്‍ രേഖപ്പെടുത്തിയിട്ടില്ല. ആരോപണവിധേയമായ പ്രവൃത്തിയുടെ ഗുരുതരമായ വര്‍ഗീയതയും ഭരണഘടനാവിരുദ്ധമായ പ്രവൃത്തികളും കണക്കിലെടുത്ത് പ്രതിക്ക് ജാമ്യം നിഷേധിക്കുന്നു’ മനീഷ് ബത്ര പറഞ്ഞു.
Content Highlight: High Court of Haryana denied anticipatory bail for accused who placed saffron flag in Masjid