കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ ഹൈക്കോടതി നോട്ടീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി നോട്ടീസയച്ചിരിക്കുന്നത്.
ക്രിസ്മസ് അവധിക്ക് ശേഷം ജനുവരിയില്‍ കോടതി കേസ് പരിഗണിക്കും. ജസ്റ്റിസ് ബിജു എബ്രഹാം അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ജസ്റ്റിസ് സി. ജയചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു കേസ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ ബെഞ്ചിന് ഇന്ന് സിറ്റിങ്ങുണ്ടായിരുന്നില്ല. തുടര്‍ന്നാണ് മറ്റൊരു ബെഞ്ച് ഹരജി പരിഗണിക്കുകയും നോട്ടീസയയ്ക്കുകയും ചെയ്തത്. സ്വാഭാവിക നടപടിക്രമമാണ് നോട്ടീസയക്കല്‍ എന്നാണ് വിശദീകരം.
നേരത്തെ, തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസ് പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, ലൈംഗികാതിക്രമത്തില്‍ രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലും ഇന്ന് ഹൈക്കോടതി വിധി പറയും. മുമ്പ് കേസ് പരിഗണിച്ച കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു.
ഇന്ന് വിധിയുടെ കാലാവധി തീരാനിരിക്കെ യാണ് ഹരജിയില്‍ വിശദമായി വാദം കേള്‍ക്കുക. വാദത്തിന് ശേഷം കോടതി ഇന്ന് തന്നെ വിധി പുറപ്പെടുവിച്ചേക്കും.
Content Highlight: Rape case: High Court notice to Rahul Mamkootathil