| Wednesday, 24th December 2025, 9:03 am

2025ല്‍ ഹൈക്കോടതി തീര്‍പ്പാക്കിയത് 1,09,239 കേസുകള്‍; ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ മുന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: 2025ലും ഒരു ലക്ഷത്തിലധികം കേസുകള്‍ തീര്‍പ്പാക്കി ഹൈക്കോടതി. 1,09,239 കേസുകളാണ് ഇതുവരെ തീര്‍പ്പാക്കിയത്. കഴിഞ്ഞ വര്‍ഷവും ഒരു ലക്ഷത്തിലധികം കേസുകള്‍ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. 1,02,963 കേസുകളിലാണ് 2024ല്‍ തീര്‍പ്പുണ്ടായത്.

തീര്‍പ്പാക്കിയ കേസുകളില്‍ ആറ് ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വര്‍ഷം രേഖപ്പെടുത്തിരിയിരിക്കുന്നത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ തീര്‍പ്പാക്കിയത്. ജസ്റ്റിസുമാരായ ജസ്റ്റിസ് സി.എസ്. ഡയസ്, ബെച്ചു കുര്യന്‍ തോമസ്, സി.പി. മുഹമ്മദ് നിയാസ് എന്നിവരാണ് തൊട്ടുപിന്നില്‍.

2025 ല്‍ മാത്രം ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ തീര്‍പ്പാക്കിയത് 15026 കേസുകളാണ്. കഴിഞ്ഞ വര്‍ഷങ്ങളിലും അദ്ദേഹത്തിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം. 2024ല്‍ 8713 കേസുകള്‍ തീര്‍പ്പാക്കിയ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ 2023ലും 2022ലുമായി യഥാക്രമം 7627, 5936 കേസുകള്‍ അവസാനിപ്പിച്ചു.

അതേസമയം തീര്‍പ്പാക്കാത്ത 2,07,081 സിവില്‍ കേസുകളാണ് ഹൈക്കോടതി പരിഗണനയില്‍ ഇപ്പോഴുള്ളത്. 50785 ക്രിമിനല്‍ കേസുകളും. ഇതില്‍ 1,47,963 സിവില്‍ കേസുകള്‍ ഒരു വര്‍ഷത്തിലധികം പഴക്കമുള്ളതാണെന്നാണ് വിവരം. ഒരു വര്‍ഷത്തിലധികം പഴക്കമുള്ള 34,885 ക്രിമിനല്‍ കേസുകളും കോടതിയുടെ പരിഗണനയിലുണ്ട്.

ഈ വര്‍ഷം ഇനി രണ്ട് ദിവസത്തെ അവധിക്കാല സിറ്റിങ് മാത്രമേ ബാക്കിയുള്ളു. ജീവനക്കാരുടെ കുറവ്, നടപടി ക്രമങ്ങളിലെ സങ്കീര്‍ണതകള്‍, പുതിയ ഇ-ഫയലിങ് സമ്പ്രദായം തുടങ്ങിയവ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.

ഡിസംബര്‍ 19ന് ജസ്റ്റിസ് നിഷ ബാനു ചുമതലയേറ്റതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 42 ആയി വർധിച്ചിരുന്നു. ഇതിൽ 2026 ജനുവരി ഒമ്പതിന് ജസ്റ്റിസ് നിത ജംദാറും ജനുവരി 24ന് വി.ജി. അരുണും വിരമിക്കും.

കൂടാതെ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് സിക്കിം ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായും ചുമതലയേക്കും. സുപ്രീം കോടതി കോളീജിയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്ഥാനമാറ്റം. അതേസമയം 47 ജഡ്ജിമാരാണ് ഹൈക്കോടതിയില്‍ ആകെ വേണ്ടത്.

Content Highlight: High Court disposed of 1,09,239 cases in 2025

We use cookies to give you the best possible experience. Learn more