| Wednesday, 19th November 2025, 3:08 pm

സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ല; വി.എം. വിനുവിന്റെ ഹരജി തള്ളി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സംവിധായകന്‍ വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനാകില്ലെന്ന് ഹൈക്കോടതി. സംവിധായകന്റെ ഹരജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി.

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനെ ചോദ്യം ചെയ്തായിരുന്നു വി.എം. വിനു ഹരജി സമര്‍പ്പിച്ചിരുന്നത്. ഹരജി തള്ളിയതോടെ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വി.എം. വിനുവിന് മത്സരിക്കാനാകില്ലെന്ന് വ്യക്തമായി.

അതേസമയം, ഹരജി തള്ളിക്കൊണ്ടുള്ള വിധിയില്‍ വി.എം. വിനുവിനെതിരെ കോടതി വിമര്‍ശനവും ഉന്നയിച്ചു.

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതും, എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ മാധ്യമങ്ങളിലൂടെയടക്കം അറിയിച്ചതും അറിഞ്ഞിരുന്നില്ലേയെന്നും കോടതി ചോദിച്ചു.

സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ല. സെലിബ്രിറ്റിക്കും സാധാരണ ജനങ്ങള്‍ക്കും രാജ്യത്ത് ഒരേ പരിഗണന മാത്രമേയുള്ളൂവെന്ന് ഹൈക്കോടതി വിശദീകരിച്ചു.

കൂടാതെ, സെലിബ്രിറ്റി പത്രം വായിക്കാറില്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് മാത്രം അനുകൂല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും സ്വന്തം കഴിവുകേടിന് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹരജി പരിഗണിച്ചത്.

അതേസമയം, കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഈ വിധി കാരണം ഉണ്ടായിരിക്കുന്നത്. പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ തിരിച്ചുപിടിക്കാനായി സെലിബ്രിറ്റിയായ വി.എം. വിനുവിനെ മുന്‍നിര്‍ത്തി മത്സരം കടുപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ് ഇതോടെ പാളിയിരിക്കുന്നത്.

Content Highlight: There is no special consideration for celebrities; Don’t blame other political parties for your own incompetence; High Court dismisses V.M. Vinu’s petition

We use cookies to give you the best possible experience. Learn more