| Tuesday, 24th February 2026, 12:56 pm

സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ പുറത്തിറക്കി, കേരള സ്റ്റോറി 2 ടീസര്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

അമര്‍നാഥ് എം.

കേരള സ്‌റ്റോറിയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ടീസര്‍ പിന്‍വിക്കാമെന്ന് നിര്‍മാതാക്കള്‍ അറിയിക്കുകയും ചെയ്തു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് ടീസര്‍ പുറത്തിറക്കിയതെന്നും കോടതി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് നിര്‍മാതാക്കളോട് കോടതി ടീസര്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടത്.

നിര്‍മാതാക്കള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് യൂട്യൂബടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ടീസര്‍ പുറത്തിറക്കിയതെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രത്തെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന് കേരള സ്റ്റോറി 2 കാണാന്‍ കോടതി തീരുമാനിച്ചതിനിടയിലാണ് ടീസറിനെതിരെയും ഹരജികള്‍ ഉയര്‍ന്നത്.

നാളെയാണ് കേരള സ്‌റ്റോറി 2 കാണാന്‍ ഹൈക്കോടതി തീരുമാനിച്ചത്. നാളെ വൈകുന്നേരമാണ് ഹൈക്കോടതി ചിത്രം കാണുക. 2023ല്‍ റിലീസായ കേരള സ്‌റ്റോറിയുടെ തുടര്‍ച്ച എന്നാണ് അണിയറപ്രവര്‍ത്തകര്‍ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടിനെ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഹിന്ദു പെണ്‍കുട്ടിയെ മുസ്‌ലിം കുടുംബം ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗമെല്ലാം വലിയ വിമര്‍ശനം നേരിട്ടിരുന്നു. സമൂഹമാധ്യമങ്ങളിലെല്ലാം കേരള സ്റ്റോറിക്കെതിരെ നിരവധിയാളുകള്‍ രംഗത്തെത്തി. കഴിഞ്ഞദിവസം ദല്‍ഹിയില്‍ അണിയറപ്രവര്‍ത്തകര്‍ നടത്തിയ പ്രസ്മീറ്റിലും നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നു.

കേരള സ്റ്റോറി 2 Photo: Screen grab/ Sunshine Pictures

ലവ് ജിഹാദിന് ഇരയായി എന്ന് അവകാശപ്പെടുന്ന 32ലധികം യുവതികളെയാണ് അണിയറപ്രവര്‍ത്തകര്‍ പ്രസ്മീറ്റില്‍ പങ്കെടുപ്പിച്ചത്. എന്നാല്‍ ഇതില്‍ കേരളത്തില്‍ നിന്ന് ഒരാള്‍ പോലുമില്ലാത്തതിനെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നിര്‍മാതാവും സംവിധായകനും ക്ഷുഭതിരാവുകയും ചെയ്താണ് വേദിവിട്ടത്.

32000ലധികം മലയാളി പെണ്‍കുട്ടികള്‍ ഐ.എസില്‍ ചേര്‍ന്നെന്നാണ് കേരള സ്റ്റോറിയുടെ ആദ്യഭാഗം അവകാശപ്പെട്ടത്. എന്നാല്‍ വിവാദങ്ങള്‍ക്ക് പിന്നാലെ ഈ സംഖ്യ മൂന്നായി ചുരുങ്ങിയിരുന്നു. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച ദേശീയ അവാര്‍ഡില്‍ മികച്ച സംവിധായകനും ഛായാഗ്രഹകനുമുള്ള പുരസ്‌കാരം കേന്ദ്ര സര്‍ക്കാര്‍ കേരള സ്റ്റോറിക്കാണ് നല്‍കിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കേരള സ്റ്റോറി 2 Photo: Reddit

ആദ്യഭാഗത്തിന്റെ നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സാണ് രണ്ടാം ഭാഗത്തിന്റെയും നിര്‍മാതാക്കള്‍. കാമാഖ്യാ നാരായണ്‍ സിങ്ങാണ് ചിത്രത്തിന്റെ സംവിധാനം. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും ഹിന്ദു പെണ്‍കുട്ടികളെ മുസ്‌ലിം യുവാക്കള്‍ നിര്‍ബന്ധിച്ച് മതം മാറ്റുന്നുവെന്നാണ് കേരള സ്റ്റോറി 2 പറഞ്ഞുവെക്കുന്നത്.

Content Highlight: High Court declared to remove the teaser of Kerala Story 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more