| Thursday, 11th May 2017, 1:48 pm

വിദ്വേഷപ്രസംഗം; എന്തുകൊണ്ട് യോഗി ആദിത്യനാഥിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കുന്നില്ല? യു.പി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനുമായി അലഹബാദ് ഹൈക്കോടതി. 2007 ലെ ഗോരഖ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥിനെ വിചാരണ ചെയ്യാത്തത് എന്തുകൊണ്ടാണെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. കലാപത്തിലേക്ക് നയിച്ചത് ആദിത്യനാഥിന്റെ വര്‍ഗീയപ്രസംഗമാണെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്നായിരുന്നു ഹൈക്കോടതി ചോദ്യം.

2017 മെയ് 4 നാണ് ജസ്റ്റിസ് രമേഷ് സിന്‍ഹ ഉമേഷ് ചന്ദ്ര ശ്രീവാസ്തവ തുടങ്ങിയവരുടെ ബെഞ്ച് വിഷയത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയത്. സ്‌റ്റേറ്റ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് കഴിഞ്ഞ രണ്ട് വര്‍ഷമായി യോഗി ആദിത്യനാഥിനെതിരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാന്‍ അനുമതിക്കായി കാത്തിരിക്കുയാണെന്ന് ബെഞ്ച് പറഞ്ഞു. മെയ് 11 ന് മുന്‍പായി സംഭവത്തില്‍ വിശദീകരണം നല്‍കിക്കൊണ്ട് യു.പി ചീഫ് സെക്രട്ടറി കോടതിക്ക് മുന്‍പാകെ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു.


Dont Miss ഇങ്ങനെയൊരു മന്ത്രിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഗണ്‍മാനെയും ഡ്രൈവറെയും ഒപ്പമിരുത്തി ഭക്ഷണം വിളമ്പിക്കൊടുക്കുന്ന കെ.ടി ജലീല്‍ 


സി.ഐ.ഡി ഓഫീസറായ ചന്ദ്രഭൂഷണ്‍ ഉപാധ്യായ അന്വേഷണം പൂര്‍ത്തിയാക്കുകയും കേസില്‍ ഡ്രാഫ്റ്റായി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതാണ്. കേസില്‍ യോഗി ആദിത്യനാഥ് ഉള്‍പ്പെടെ അഞ്ച് പേരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി ഇവര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി ഇതുവരെ അനുമതി നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ വിചാരണ നടത്താന്‍ സാധിക്കില്ലെന്നും കോടതി പറയുന്നു.

ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തന്നെ ഇവരെ വിചാരണ ചെയ്യാനുള്ള അനുമതി ചീഫ് സെക്രട്ടറി നല്‍കേണ്ടതാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസിന്റെ പൂര്‍ണവിവരങ്ങള്‍ കോടതി മുന്‍പാകെ സമര്‍പ്പിക്കാനും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ഗോരഖ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഗോരഖ്പൂരിലെ മാധ്യമപ്രവര്‍ത്തനായ പര്‍വേസ് പര്‍വാസ് അലഹബാദിലെ പൊതുപ്രവര്‍ത്തകനായ അസാദ് ഹയാത് തുടങ്ങിയവര്‍ 2008 ലാണ് റിട്ട് ഹരജി സമര്‍പ്പിച്ചിരുന്നത്.

യോഗി ആദിത്യനാഥ്, ഗോരഖ്പൂര്‍ മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ രാധാമോഹന്‍ദാസ് അഗര്‍വാള്‍, ബി.ജെ.പി എം.പി ശിവ പ്രതാപ് ശുക്ല, ബി.ജെ.പി മേയര്‍ അജ്ഞു ചൗധരി, ബി.ജെ.പി പ്രവര്‍ത്തകനായ വൈ.ഡി സിങ് തുടങ്ങിയവര്‍ 2007 ജനുവരിയില്‍ മുസ്‌ലീങ്ങള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തുകയും ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും ഹരജിയില്‍ പറയുന്നു. യോഗിയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിരവധി മുസ്‌ലീങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടിരുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഗോരഖ്പൂര്‍ കലാപത്തിന് നേതൃത്വം നല്‍കിയതിന് 2007ല്‍ സി.ആര്‍.പി.സി 151(എ) പ്രകാരം ആദ്യത്യനാഥ് ജയിലിലായിരുന്നു. കലാപം അഴിച്ചുവിട്ടതിന് ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) 147 പ്രകാരം ആദിത്യനാഥിനെതിരെ മൂന്നു കേസായിരുന്നു രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സമുദായങ്ങള്‍ക്കിടയില്‍ വൈര്യം വളര്‍ത്തുംവിധം പ്രസംഗിച്ചതിന് ഐ.പി.സി 153 പ്രകാരം ഒന്നില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more