| Saturday, 30th August 2025, 7:03 pm

സൗദിയില്‍ അനധികൃതമായി പുറത്താക്കപ്പെട്ട തൊഴിലാളികള്‍ക്ക് നിയമസഹായം ലഭ്യമാക്കണം; ഇന്ത്യന്‍ എംബസിയോട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സൗദിയില്‍ അനധികൃതമായി പുറത്താക്കപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായി വേണ്ട നിയമസഹായം ലഭ്യമാക്കാന്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയോട് നിര്‍ദേശിച്ച് ഹൈക്കോടതി. 2020-21 കാലഘട്ടത്തില്‍ നാസ്സര്‍ അല്‍ ഹാജിരി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് എന്ന കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ട തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

പ്രവാസി ലീഗല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ പിരിച്ചുവിടപ്പെട്ട 5 തൊഴിലാളികള്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്.

കൊവിഡ് കാലത്ത് കേരളത്തില്‍ നിന്നുള്ള 1400ഓളം തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. രണ്ട് മാസത്തിനകം എല്ലാ വിധത്തിലുമുള്ള സര്‍വീസ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിരുന്നില്ല.

തുടര്‍ന്ന് തൊഴിലാളികള്‍ എന്‍.ആര്‍.ഐ കമ്മിഷനെ (കേരളം) സമീപിച്ചെങ്കിലും എംബസിയില്‍ നിന്നും സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലെന്ന കാരണത്താല്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. ഇതോടെയാണ് തൊഴിലാളികള്‍ ഹൈക്കോടതിയിലെ സമീപിച്ചത്.

തൊഴിലാളികളുടെ ദുരവസ്ഥ കോടതി അംഗീകരിക്കുകയും, അവരുടെ പരാതികള്‍ ഇന്ത്യന്‍ എംബസി സൗദി വിദേശകാര്യ മന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.

നിയമസഹായത്തിന് വേണ്ട പദ്ധതികള്‍ സൗദി സര്‍ക്കാരില്‍ ഉണ്ടെന്നും അത് പ്രയോജനപ്പെടുത്തുന്നതിനായി ആദ്യം തൊഴിലാളികള്‍ സൗദി ലേബര്‍ അധികാരികളെ സമീപിക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചത്.

എന്നാല്‍, തൊഴിലുടമ സൗദി കമ്പനിയായതിനാല്‍ തുടര്‍ന്നുള്ള നടപടി സൗദി ഗവണ്‍മെന്റിന്റെയും തൊഴില്‍ അധികാരികളുടെയും പരിധിയിലാണ് വരുന്നതെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ തടയപ്പെട്ട സര്‍വീസ് ആനുകൂല്യങ്ങള്‍ക്കായി തൊഴിലാളികള്‍ സൗദി അധികാരികളെ സമീപിക്കുന്ന പക്ഷം, ഇന്ത്യന്‍ എംബസി ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇതോടെ, മുമ്പ് വിവേചനാധീനമായിരുന്ന സഹായം ഈ കോടതി ഉത്തരവിലൂടെ ഒരു നിയമബാധ്യതയായി മാറുന്നുണ്ട്. വിദേശങ്ങളില്‍ നിയമക്കുരുക്കുകളില്‍ പെടുന്ന ഇന്‍ഡ്യന്‍ തൊഴിലാളികള്‍ക്ക് കരം പോലുള്ള നിലവിലുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് വേണ്ട സഹായം ചെയ്തുകൊടുക്കാനുള്ള ബാധ്യത വിദേശങ്ങളിലെ ഇന്‍ഡ്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്കുണ്ടെന്ന് വളരെ വിശദമായ ഒരു വിധിന്യായത്തിലൂടെ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളെ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കാതെ അനധികൃതമായി പിരിച്ചുവിടുന്ന ചില വിദേശ കമ്പനികള്‍ക്കെതിരെ സ്ഥാനപതി കാര്യാലയങ്ങള്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ 2020ല്‍ ഫയല്‍ ചെയ്ത ഒരു പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു കോടതി വിധി.

വിദേശങ്ങളില്‍ വേതന ചൂഷണത്തിനിരയാകുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വേണ്ട നിയമസഹായം ദീര്‍ഘകാലമായി കൊടുത്തുകൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. ഇവര്‍ തന്നെയാണ് ഇപ്പോള്‍ തൊഴിലാളികള്‍ക്കായി കോടതിയിലെത്തിയത്.

Content highlight: High Court asks Indian Embassy to provide legal aid to illegally dismissed workers in Saudi Arabia

We use cookies to give you the best possible experience. Learn more