| Thursday, 11th September 2025, 2:34 pm

ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്; ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. ശബരിമലയുടെയും പമ്പയുടെയും പരിശുദ്ധി കാത്ത് സൂക്ഷിച്ച് സംഗമം നടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം.

സാമ്പത്തിക സുതാര്യത പാലിക്കണം, ശബരിമലയുടെ പരിസ്ഥിതിക്ക് ദോഷം വരുത്തരുത് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളോടെയാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് സുതാര്യമായ സാമ്പത്തിക അക്കൗണ്ട് സൂക്ഷിക്കണമെന്നും പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്നും ഉത്തരവുണ്ട്.

ആഗോള അയ്യപ്പ സംഗമത്തെ ചോദ്യം ചെയ്തുള്ള ഹരജികളിലാണ്
കോടതി ഉത്തരവ്. സാധാരണ വിശ്വാസികളുടെ താത്പര്യം സംരക്ഷിച്ച് അയ്യപ്പ സംഗമം നടത്തുന്നതില്‍ യാതൊരു തടസവുമില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പമ്പ തീരത്ത് വെച്ചാണ് അയ്യപ്പ സംഗമം നടക്കുക.

എന്നാല്‍ അയ്യപ്പ സംഗമം രാഷ്ട്രീയ പ്രേരിതമാണെന്നും ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. അയ്യപ്പനെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഹരജിക്കാര്‍ ആരോപിച്ചിരുന്നു.

ഹരജികള്‍ പരിഗണിച്ച കോടതി ഇന്നലെ (ബുധന്‍) ചില ചോദ്യങ്ങളും ഉയര്‍ത്തിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ പങ്കെന്തെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം.

അയ്യപ്പ സംഗമത്തിനെത്തുന്ന ആളുകളില്‍ നിന്ന് ശേഖരിക്കുന്ന പണം എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഈ പണം എങ്ങനെ ചെലവഴിക്കുമെന്നും കോടതി ചോദിച്ചിരുന്നു.

സ്‌പോണ്‍സര്‍ഷിപ്പ് വഴി ലഭിക്കുന്ന പണം ശേഖരിക്കാന്‍ എന്തിനാണ് പ്രത്യേക അക്കൗണ്ട് തുടങ്ങിയത്, അയ്യപ്പ സംഗമത്തിലേക്ക് 3000 പേരെ ക്ഷണിച്ചതിന്റെ മാനദണ്ഡം എന്താണ് എന്നീ ചോദ്യങ്ങളും സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു.

അതേസമയം അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്നും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവരാണ് സംഗമത്തില്‍ പങ്കെടുക്കുകയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മത സ്ഥാപനങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നതില്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു.

ഇതിനുപിന്നാലെയാണ് സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടാകുന്നത്.

Content Highlight: The sanctity of Sabarimala should not be affected; High Court allows holding of global Ayyappa Sangamam

We use cookies to give you the best possible experience. Learn more