| Friday, 12th September 2025, 5:42 pm

കഴകം നിയമനം പാരമ്പര്യാവകാശമെന്ന വാദം തള്ളി കോടതി; അനുരാഗിന്റെ നിയമനവുമായി മുന്നോട്ട് പോകാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തില്‍ ചേര്‍ത്തല സ്വദേശി അനുരാഗിന്റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. കഴകം നിയമനം പാരമ്പര്യാവകാശമെന്ന തെക്കേവാര്യം കുടുംബത്തിന്റെ വാദം പരിഗണിച്ചില്ല. മാലക്കഴകത്തിന് പാരമ്പര്യാവകാശം ഉന്നയിച്ച് തെക്കേവാര്യം കുടുംബാംഗം നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കിയത്.

ഈ അവകാശവാദം സിവില്‍ കോടതിയില്‍ ഉന്നയിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇതോടെ അനുരാഗിന്റെ നിയമനം നടപ്പിലാക്കാന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് ഹൈക്കോടതി അനുമതി നല്‍കി. ഊഴമനുസരിച്ച് നിയമനം ലഭിക്കേണ്ടത് ഈഴവ സമുദായത്തിനാണ്. ആദ്യം നിയമനം നടത്തിയത് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഈഴവ സമുദായാംഗമായ ബാലുവിനെയാണ്.

കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ജാതി വിവേചനത്തെ തുടര്‍ന്ന് രാജി വെച്ച ബി.എ ബാലുവിന്റെ സ്ഥാനത്തേക്കാണ് പുതിയ കഴകക്കാരനായ അനുരാഗിനെ നിയമിച്ചിരിക്കുന്നത്.

ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകക്കാരനായി നിയമിക്കപ്പെട്ടത്. അന്നുമുതല്‍ ബാലുവിനെ മാറ്റുന്ന മാര്‍ച്ച് ഏഴ് വരെ തന്ത്രി കുടുംബങ്ങള്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്നും വിട്ടുനിന്നു.

ഈഴവ സമുദായത്തില്‍പ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിര്‍പ്പിന് കാരണം. പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കേണ്ടതിനാല്‍ ഏഴാം തീയതി ഭരണസമിതി ചര്‍ച്ച വിളിച്ചു. തുടര്‍ന്നാണ് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. കൊച്ചിന്‍ ദേവസ്വം കമീഷണറും കൂടല്‍മാണിക്യം എക്‌സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത ആവശ്യപ്പെട്ടു.

അതേസമയം ജാതിയുടെ പേരില്‍ വ്യക്തികളെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു. കൂടല്‍മാണിക്യം ദേവസ്വം കെ.ഡി.ആര്‍.ബി നിയമിക്കുന്ന ഏതൊരു വ്യക്തിയെയും ആ പോസ്റ്റിലേക്ക് നിയമിക്കുമെന്നും നിയമം ആരുടെ കൂടെയാണോ അതിനൊപ്പം തങ്ങള്‍ നില്‍ക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ സി.കെ ഗോപി പറഞ്ഞിരുന്നു.

തന്ത്രിമാര്‍ക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ ഒന്നുകില്‍ കോടതിയെ സമീപിച്ച് അതിന് പരിഹാരമുണ്ടാക്കണമെന്നും അല്ലെങ്കില്‍ സര്‍ക്കാരുമായി തീരുമാനിച്ച് പരിഹാരമുണ്ടാക്കണെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രിമാരുടെ ആവശ്യം ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. സര്‍ക്കാരിന്റെ ഉത്തരവ് നടപ്പാക്കാനാണ് തങ്ങള്‍ക്ക് അധികാരമുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ജാതി അധിക്ഷേപം നേരിട്ട ജോലിസ്ഥലത്ത് നിന്നും ബാലു രാജി വെക്കുകയായിരുന്നു.

Content Highlight: High Court allows Cherthala native Anurag to go ahead with appointment of Kazhakam in Koodalmanikyam temple

We use cookies to give you the best possible experience. Learn more