| Saturday, 7th March 2026, 3:15 pm

മാധ്യമപ്രവര്‍ത്തകന്‍ ഛത്രപതി വധക്കേസില്‍ ദേരാ തലവന്‍ റാം റഹീം സിങ്ങിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: മാധ്യമപ്രവവര്‍ത്തകനായ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മിത് റാം റഹീം സിങ്ങിനെ കുറ്റവിമുക്തനാക്കി പഞ്ചാബ്, ഹരിയാന ഹൈക്കോടതി

റാം റഹീമിനെതിരായ ഗുഢാലോചനാ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ജസ്റ്റിസ് വിക്രം അഗര്‍വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

എന്നാല്‍ കേസിലെ മറ്റ് മൂന്ന് പ്രതികളുടെ ശിക്ഷ ശരിവെച്ചിട്ടുണ്ട്.

2019 ജനുവരി 17ന് പഞ്ച്കുല പ്രത്യേക സി.ബി.ഐ കോടതി സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തിനും മറ്റ് മൂന്ന് പേര്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് പുതിയ വിധി. സി.ബി.ഐ കോടതിയുടെ വിധി ചോദ്യം ചെയ്ത്കൊണ്ട് റാം റഹീം സമര്‍പ്പിച്ച ഹരജിയിലാണ് കുറ്റമുക്തനാക്കികൊണ്ടുള്ള വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

കേസില്‍ പ്രധാന സാക്ഷികളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികള്‍ വിശ്വാസ യോഗ്യരല്ലെന്നും കോടതി പറഞ്ഞു.
ശിക്ഷ റദ്ദാക്കാനുളള കാരണം വിശദമാക്കുന്ന വിശദമായ വിധിന്യായം പുറത്ത് വന്നിട്ടില്ല.

2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകന്‍ ഛത്രപതിയെ ഗുര്‍മീത് വെടിവെച്ചത്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് ഗുര്‍മീത് ഛത്രപതിയെ വെടിവെച്ചത്.

സാരമായ പരിക്കുകളോടെ ഛത്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2003ല്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസ് എടുക്കുകയും 2006ല്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു.

റാം റഹീമിന് ലഭിക്കുന്ന പരോളുകളും ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്.

2020 മുതല്‍ ഗുര്‍മീത് റാം റഹീമിന് 12 പരോളുകള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 275 ദിവസമാണ് റഹീം പുറത്ത് വിഹരിച്ചത്. രേഖകള്‍ പ്രകാരം, 2024 ജനുവരി 20 മുതല്‍ 121 ദിവസമായി റാം റഹീം ജയിലിന് പുറത്താണ്.

ഫെബ്രുവരി അഞ്ചിന് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് എട്ട് ദിവസം മുമ്പാണ് ദേര തലവനെ മോചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് അദ്ദേഹത്തിന് 20 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 50 ദിവസത്തേക്കും 2024 ഓഗസ്റ്റ് 13 ന് 21 ദിവസത്തേക്കുംഗുര്‍മീത് റാം റഹീമിന് പരോള്‍ ലഭിച്ചിരുന്നു.

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 2023 നവംബറില്‍ അദ്ദേഹത്തിന് 29 ദിവസത്തെ പരോള്‍ ലഭിച്ചു. ഹരിയാനയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് 2023 ജൂലൈയില്‍ 30 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു.

2022 ഒക്ടോബറില്‍, ഹരിയാനയിലെ ആദംപൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തിന് 40 ദിവസത്തെ പരോള്‍ ലഭിച്ചു. കൂടാതെ, ഹരിയാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് മുമ്പ് 2022 ജൂണില്‍ അദ്ദേഹത്തിന് 30 ദിവസത്തെ പരോളും ലഭിച്ചിരുന്നു. ഇത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് കൊണ്ടുള്ള നീക്കമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

Content Highlight: High Court acquits Dera chief Ram Rahim Singh in journalist Chhatrapati murder case

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more