| Saturday, 21st March 2026, 9:13 pm

എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ടെന്ന് ഉറപ്പാ, സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയുടെ ട്രെയ്‌ലറിലെ ഹിഡന്‍ ഡീറ്റെയ്‌ലുകള്‍ ചര്‍ച്ച ചെയ്ത് ആരാധകര്‍

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ആദ്യ വണ്‍ ബില്യണ്‍ ക്ലബ് എന്‍ട്രിയായി മാറിയേക്കുമെന്ന് പലരും അഭിപ്രായപ്പെടുന്ന ചിത്രമാണ് സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ. മാര്‍വലിന്റെ ഈ വര്‍ഷത്തെ ആദ്യ തിയേറ്റര്‍ റിലീസായ സ്‌പൈഡര്‍മാന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. നോ വേ ഹോമിന് ശേഷം പീറ്റര്‍ പാര്‍ക്കര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കഥയെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ റെക്കോഡ് കാഴ്ചക്കാരെയാണ് ട്രെയ്‌ലര്‍ സ്വന്തമാക്കിയത്. ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ പല ഫാന്‍ തിയറികളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതുവരെ വന്നതില്‍ വെച്ച് മാര്‍വലിന്റെ വ്യത്യസ്തമായ സ്‌പൈഡര്‍മാന്‍ ചിത്രമായി ബ്രാന്‍ഡ് ന്യൂ ഡേ മാറുമെന്നാണ് കരുതുന്നത്.

ട്രെയ്‌ലറിനെ ഹിഡന്‍ ഡീറ്റെയ്‌ലുകളും ചര്‍ച്ചയാകുന്നുണ്ട്. അതിലൊന്നാണ് ചിത്രത്തിലെ സര്‍പ്രൈസ് കാമിയോകള്‍. ഗ്രേ ഹള്‍ക്ക്, മള്‍ട്ടിവേഴ്‌സില്‍ നിന്ന് മറ്റേതെങ്കിലുമൊരു സ്‌പൈഡര്‍ മാന്‍ എന്നിവരുടെ സാന്നിധ്യത്തിനാണ് പലരും പ്രാധാന്യം കല്പിക്കുന്നത്. ട്രെയ്‌ലറില്‍ വില്ലന്മാരുടെ കൂട്ടത്തോട് പീറ്റര്‍ പാര്‍ക്കര്‍ ഫൈറ്റ് ചെയ്യുന്ന സീനില്‍ ചില ഭാഗം മാത്രം ബ്ലാങ്കായി കിടക്കുന്നത് പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.

നോ വേ ഹോമിന്റെ ട്രെയ്‌ലറിലും ഇത്തരമൊരു ഷോട്ടുണ്ടായിരുന്നു. മൂന്ന് പീറ്റര്‍ പാര്‍ക്കറും കൂടി ഒന്നിച്ച് ക്ലൈമാക്‌സില്‍ പ്രത്യക്ഷപ്പെടുന്ന ഷോട്ടില്‍ രണ്ട് പേരെ എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു. തിയേറ്ററില്‍ യഥാര്‍ത്ഥ സീനിന് വലിയ കൈയടിയായിരുന്നു ലഭിച്ചത്. ബ്രാന്‍ഡ് ന്യൂ ഡേയില്‍ ഏത് കഥാപാത്രമാകും സര്‍പ്രൈസ് എന്‍ട്രി നടത്തുകയെന്നാണ് ചര്‍ച്ച.

ഇതിന് പുറമെ പീറ്റര്‍ പാര്‍ക്കര്‍ എന്ന കഥാപാത്രത്തിന് വരുന്ന മാറ്റവും ചര്‍ച്ചയാകുന്നുണ്ട്. വെബ് ഷൂട്ടറുകള്‍ക്ക് പകരം ഓര്‍ഗാനിക് വെബ്ബുകള്‍ സൃഷ്ടിക്കാനുള്ള കഴിവ് പീറ്ററിന് ഈ ചിത്രത്തില്‍ ലഭിക്കുകയാണ്. ഇത് മാത്രമല്ല, പീറ്ററിന് ചിലന്തിയുടേതിന് സമാനമായി പരിണാമം സംഭവിക്കുന്നുണ്ടെന്നും ട്രെയ്‌ലറില്‍ പറയുന്നു.

വെനം എന്ന കഥാപാത്രവും ഈ ചിത്രത്തിന്റെ ഭാഗമായേക്കുമെന്നും സൂചനകളുണ്ട്. മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി സ്വല്പം ഡാര്‍ക്ക് ടോണിലാണ് ബ്രാന്‍ഡ് ന്യൂ ഡേ അണിയിച്ചൊരുക്കിയിട്ടുള്ളത്. ഷാങ് ചി, ജസ്റ്റ് മേഴ്‌സി തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ഡസ്റ്റിന്‍ ഡാനിയലാണ് ബ്രാന്‍ഡ് ന്യൂ ഡേയുടെ സംവിധായകന്‍.

ഡൂംസ്‌ഡേയ്ക്ക് മുമ്പ് തിയേറ്ററുകളിലെത്തുന്ന മാര്‍വല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാകുമെന്ന് ഉറപ്പാണ്. മറ്റ് കാമിയോകളെക്കാള്‍ പലരും കാത്തിരിക്കുന്നത് ഡോക്ടര്‍ ഡൂമിന്റെ വരവിനാണ്. ജൂലൈ 31ന് ബ്രാന്‍ഡ് ന്യൂ ഡേ തിയേറ്ററുകളിലെത്തും.

Content Highlight: Hidden details in Spider Man Brand New day movie viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more