| Saturday, 27th June 2026, 7:50 pm

ആരേലും ഇതൊക്കെ ശ്രദ്ധിച്ചിരുന്നോ? അബ്ബക്ക് വിലങ്ങിന്റെ താക്കോല്‍ കൊടുത്ത ബാലനും സിസിലിയെ കല്യാണം കഴിച്ച സി.ഐയും, ബാലനില്‍ ചിദംബരം ഒളിപ്പിച്ച കാഴ്ചകള്‍

അമര്‍നാഥ് എം.

ഈ വര്‍ഷം റിലീസായതില്‍ ഏറ്റവും മികച്ച സിനിമാനുഭവമെന്ന് സംശയമില്ലാതെ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബാലന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം അണിയിച്ചൊരുക്കിയ ചിത്രം പ്രേക്ഷകര്‍ക്ക് ഗംഭീര ദൃശ്യാനുഭവമായിരുന്നു. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് സ്വന്തമാക്കുന്നത്.

പല നാടുകളില്‍, പല പേരുകളില്‍ ജീവിക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് ചിത്രം പറയുന്നത്. കോമഡിയും ഇമോഷനും സസ്‌പെന്‍സുമെല്ലാം നിറഞ്ഞ ചിത്രം കളക്ഷനിലും മുന്നേറുന്നുണ്ട്. റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ബാലന് ലഭിക്കുന്നത്.

ബാലന്‍ Photo: Theatrical Poster

ഇപ്പോഴിതാ ബാലനില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ചില ഡയറക്ടര്‍ ബ്രില്യന്‍സുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് സിനിമാപേജുകള്‍. ക്ലൈമാക്‌സിനോടടുത്ത സീനില്‍ മുഹമ്മദ് സിനാന്‍ അവതരിപ്പിച്ച ബാലന്‍ ടൊവിനോ അവതരിപ്പിച്ച അബ്ബയെ പൊലീസിന് പിടിച്ചുകൊടുക്കുന്ന സീനില്‍ ആരും ശ്രദ്ധിക്കാതെ പോയ ഡീറ്റെയ്‌ലിങ്ങുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

തന്റെ അമ്മയെക്കുറിച്ച് അബ്ബക്ക് അറിയാമെന്ന് ബാലന്‍ തിരിച്ചറിയുന്ന സമയത്താണ് താന്‍ പറഞ്ഞതനുസരിച്ച് പൊലീസ് അവിടെ എത്തുന്നത്. താന്‍ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് അബ്ബയുടെ അടുത്തേക്ക് പോകുന്നതിനിടക്ക് ബാലന്‍ പവിത്രന്‍ പൊലീസിന്റൈ ദേഹത്ത് തട്ടുന്നുണ്ട്. അബ്ബയുടെ അടുത്ത് സംസാരിക്കുന്നതിനിടയില്‍ അയാളുടെ കൈയില്‍ ഒരു സാധനം വെച്ചുകൊടുക്കുന്നതും കാണാനാകുമെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

ബാലന്‍ Photo: Screen grab/ Zee Music

അബ്ബ പഠിപ്പിച്ച മോഷണ ട്രിക്ക് ഉപയോഗിച്ച് പവിത്രന്റെയടുത്ത് നിന്ന് അടിച്ചുമാറ്റിയ താക്കോലാണ് ആ സീനില്‍ കൊടുത്തതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ബാലനും അമ്മയും ഒന്നിക്കാന്‍ പോകുന്ന സീനില്‍ അതിന്റെ ഇംപാക്ട് കുറയാതിരിക്കാനാകും സംവിധായകന്‍ ഈയൊരു ഭാഗത്തിന് പ്രാധാന്യം നല്‍കാത്തതെന്നും കമന്റുകളുണ്ട്.

അതുപോലെ അധികമാരും ശ്രദ്ധിക്കാത്ത മറ്റൊന്നാണ് പവിത്രന്റെ പഴയ കാമുകി സിസിലിയുടെ കാര്യം. എസ്.ഐ ആയെങ്കിലും പഴയ സംഭവത്തിന്റെ പേരില്‍ സിസിലി തന്നെ ഉപേക്ഷിച്ചുപോയതിന്റെ നിരാശ പവിത്രനുണ്ട്. ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ അയാള്‍ സിസിലിയുടെ ഫേസ്ബക്ക് പ്രൊഫൈലില്‍ അവളുടെ കല്യാണ ഫോട്ടോ നോക്കുന്നുണ്ട്. സൂക്ഷിച്ച് നോക്കിയാല്‍ സിസിലിയെ കല്യാണം കഴിച്ചത് പഴയ സി.ഐ ഫ്രാന്‍സിസാണെന്ന് മനസിലാകുമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

പൊലീസ് സ്റ്റേഷനിലെ സംസാരത്തിനിടെ സിസിലിയോട് ഒരു സി.പി.ഒ ‘സി.ഐക്ക് നിന്റെ മേലെ ഒരു കണ്ണുണ്ട്’ എന്ന് പറയുന്നതും ഫ്രാന്‍സിസ് പവിത്രനോട് ഇടക്ക് ദേഷ്യപ്പെടുന്നതും സിസിലിയോടുള്ള ഇഷ്ടം കാരണമാണെന്നും കമന്റുകളുണ്ട്. കഥയുടെ പ്രധാനപ്ലോട്ടില്‍ നിന്ന് പ്രേക്ഷകരുടെ ശ്രദ്ധ തിരിക്കാതെ മറ്റ് കഥാപാത്രങ്ങളുടെ ഡീറ്റെയ്‌ലിങ് നടത്തിയ സംവിധായകന് പ്രത്യേക കൈയടി നല്‍കണമെന്നും ചില പോസ്റ്റുകളുണ്ട്.

Content Highlight: Hidden details in Balan movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more