| Monday, 16th March 2026, 8:09 pm

കണ്ണമ്മാലി പള്ളിയില്‍ നേര്‍ച്ച സദ്യ നടത്താന്‍ ഗ്യാസില്ലെന്ന് ഹൈബി ഈഡന്‍; ജില്ലാ നേതാക്കളോട് ചോദിക്കാന്‍ സുരേഷ് ഗോപി

രാഗേന്ദു. പി.ആര്‍

ന്യൂദല്‍ഹി: രാജ്യം നേരിടുന്ന എല്‍.പി.ജി പ്രതിസന്ധിയില്‍ പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍. എല്‍.പി.ജി പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് പരിഹാരമാണ് കണ്ടതെന്ന് ഹൈബി ഈഡന്‍ ചോദിച്ചു.

പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് ഹൈബി ഈഡനും സുരേഷ് ഗോപിയും തമ്മിലുള്ള സംസാരം നടന്നത്.

‘കണ്ണമാലി പള്ളിയില്‍ നേര്‍ച്ച സദ്യ നടത്താന്‍ എല്‍.പി.ജി ഇല്ല മിനിസ്റ്റര്‍’ എന്നും ഹൈബി ഈഡന്‍ പറഞ്ഞു. എന്നാല്‍ ഇതിന് മറുപടി നല്‍കാതെ സുരേഷ് ഗോപി സഭയിലേക്ക് പോകുകയായിരുന്നു.

പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി, അവരവരുടെ മണ്ഡലങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും നേതാക്കന്മാരുണ്ടെന്നും ദയവ് ചെയ്ത് അവരോട് ചോദിക്കൂവെന്നുമാണ് പറഞ്ഞത്.

നിലവില്‍ ഹൈബി ഈഡനും സുരേഷ് ഗോപിയും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

എപ്പോഴത്തെയും പോലെ സുരേഷ് ഗോപി എല്‍.പി.ജി വിഷയത്തിലും ഉരുണ്ടുകളിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം വിമര്‍ശിച്ചു.

കേരളത്തില്‍ നിന്നുള്ള എം.പിയും സഹമന്ത്രിയുമായ സുരേഷ് ഗോപിയോട് ഇനിമുതല്‍ ‘ഉച്ചയ്ക്ക് ചോറുണ്ടോ, എങ്ങനെയുണ്ടായിരുന്നു’ എന്ന് ചോദിച്ചാല്‍ മതിയോ എന്നാണ് മറ്റൊരു രസകരമായ കമന്റ്.

പള്ളി നേര്‍ച്ചയല്ല ഇപ്പോഴത്തെ വിഷയമെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ ഹൈബി ഈഡനെയും വിമര്‍ശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ക്രിസ്ത്യന്‍ പള്ളികളില്‍ സന്ദര്‍ശിക്കുന്ന സുരേഷ് ഗോപിയെ ഈഡന്‍ പരിഹസിച്ചതാകാമെന്നാണ് മറ്റു ചിലരുടെ പ്രതികരണം.

അതേസമയം പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റിനെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി ഹൈബി ഈഡന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എം.പിയുടെ കോലം കത്തിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

കോണ്‍ഗ്രസിലെ യുവ നേതാക്കള്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റ് മര്യാദകള്‍ പാലിക്കാത ജനാധിപത്യത്തെ അവഹേളിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ദിനില്‍ ദിനേശ് പറഞ്ഞു.

ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലന്നും ദിനില്‍ മുന്നറിയിപ്പ് നല്‍കി.

Content Highlight: Hibi Eden questioned Suresh Gopi on LPG crisis

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more