ബെയ്റൂട്ട്: ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള ശ്രമങ്ങള്‍ വലിയ കുഴപ്പങ്ങള്‍ക്കും ആഭ്യന്തര യുദ്ധങ്ങള്‍ക്കും കാരണമാകുമെന്ന് മുതിര്‍ന്ന ഹിസ്ബുള്ള നേതാവ്.
വടക്കന്‍ ലെബനന്‍ മേഖലകളില്‍ ഹിസ്ബുള്ളയെ നിരായൂധികരിക്കുന്നത് രാജ്യത്തിനു ഗുണം ചെയ്യില്ലെന്നും മുതിര്‍ന്ന ഹിസ്ബുല്ലനേതാവ് മഹ്‌മൂദ് ക്വാട്ടി പറഞ്ഞു.
‘ലെബനന്‍ സര്‍ക്കാരും സര്‍ക്കാര്‍ സ്ഥാപനങ്ങളും തുടരുന്ന ഈ പാത രാജ്യത്തെ അസ്ഥിരതയിലേക്കും കലാപങ്ങളിലേക്കും ഒരുപക്ഷെ ആഭ്യന്തര യുദ്ധങ്ങളിലേക്കും നയിക്കും, ലെബനന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലേക്ക് ഹിസ്ബുള്ളയെ തള്ളിവിടരുത് ‘ ക്വാട്ടി കൂട്ടിച്ചേര്‍ത്തു.
ലിതാനി നദിക്കും ഇസ്രഈല്‍ അതിര്‍ത്തിക്കും ഇടയിലുള്ള പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ലെബനന്‍ സൈന്യം കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിരായുധീകരണം എങ്ങനെ നടത്തുമെന്ന് ഫെബ്രുവരി ആദ്യവാരം വിശദീകരിക്കാന്‍ ലെബനന്‍ മന്ത്രിസഭ സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ലെബനനിന്റെ തെക്കന്‍ മേഖലയിലെ കുന്നിന്‍ പ്രദേശങ്ങളില്‍ നിന്നും ഇസ്രഈല്‍ സൈന്യം പിന്മാറണമെന്നും, ലബനനിലെ ദിവസേനയുള്ള വ്യോമാക്രമണങ്ങള്‍ നിര്‍ത്തണമെന്നും പറഞ്ഞ ക്വാട്ടി നിരായുധീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് തടവിലാക്കപ്പെട്ട ലെബനീസ് പൗരന്മാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.
‘ലെബനന്‍ പ്രദേശങ്ങളില്‍ നിന്ന് ഇസ്രഈല്‍ പിന്‍വാങ്ങുന്നതുവരെയും, തെക്കന്‍ പ്രദേശത്തെ തടവുകാരെ മോചിപ്പിക്കുന്നതുവരെയും, ലെബനനെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതുവരെയും, ലിറ്റാനി നദിയുടെ വടക്കുള്ള ഒരു സാഹചര്യത്തെക്കുറിച്ചും ഒരു ചര്‍ച്ചയോ സംഭാഷണമോ ഉണ്ടാകില്ല,’ എന്ന് ഹിസ്ബുള്ള നേതാവ് ഖ്മതിയും പറഞ്ഞു.
ഹിസ്ബുള്ളയും ഇസ്രഈലും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച 2024 ലെ കരാര്‍ അനുസരിച്ച് രാജ്യത്തെ എല്ലാ ആയുധങ്ങളും സംസ്ഥാന നിയന്ത്രണത്തിലാക്കുമെന്ന് ലെബനന്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇസ്രഈലുമായി അതിര്‍ത്തി പങ്കിടുന്ന ലെബനന്റെ തെക്കേ അറ്റത്തുള്ള പ്രദേശത്തിന് മാത്രമേ കരാര്‍ ബാധകമാകൂ എന്നും മറ്റെവിടെയെങ്കിലും ആയുധശേഖരം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നുമാണ് ഹിസ്ബുള്ളയുടെ വാദം.
2023 ഒക്ടോബറില്‍ പൊട്ടിപ്പുറപ്പെട്ട ഗസ യുദ്ധവും ഇസ്രഈലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ലെബനന്‍-ഇസ്രഈല്‍ അതിര്‍ത്തിയില്‍ ദിവസേന വെടിവെപ്പുകളും നടന്നിരുന്നു.
Content Highlight: Hezbollah warns Lebanese state against expanding disarmament push