റിയാലിറ്റി ഷോകളിലൂടെ എത്തി സംഗീത സംവിധായകനും ഗായകനുമായ വ്യക്തിയാണ് ഹിഷാം അബ്ദുള്‍ വഹാബ്. സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
സംഗീതസംവിധായകനായും ഗായകനായും മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യമറിച്ചിട്ടുണ്ട് ഹിഷാം. ഹൃദയം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന് മികച്ച സംഗീത സംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.
ഇപ്പോള്‍ അനൂപ് മേനോനും മോഹന്‍ലാലും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ സിനിമയില്‍ ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എന്നാണ് പുറത്ത് വരുന്ന പുതിയ അപ്‌ഡേറ്റ്.
ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്നത് അനൂപ് മേനോനാണ്. ടൈംലെസ് സിനിമാസ് എന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത് അനൂപ് മേനോന്‍ തന്നെയാണ്. ടൈംലെസ് നിര്‍മ്മാണ കമ്പനിയുടെ പ്രതിനിധികളായ അരുണ്‍ ചന്ദ്രകുമാര്‍, സുജിത്ത് കെ. എസ് എന്നിവരോടൊപ്പം മോഹന്‍ലാലും കൂടി നില്‍ക്കുന്ന ചിത്രമാണ് അനൂപ് മേനോന്‍ പങ്ക് വെച്ചത്.
മുമ്പ് ചിത്രത്തിനെക്കുറിച്ച് മോഹന്‍ലാലും വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. മികച്ച പിന്നണി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സിനിമയാണിതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
സിനിമയുടെ ചിത്രീകരണം എപ്പോഴാണ് തുടങ്ങുകയെന്ന് വ്യക്തമായിട്ടില്ല. എന്നിരുന്നാലും തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോംങ് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
മോഹന്‍ലാലിന്റെ അടുത്ത് പുറത്തിറങ്ങാനുള്ള സിനിമ എമ്പുരാനാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് മോഹന്‍ലാലും ശോഭനയും അഭിനയിക്കുന്ന തുടരും എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്.
Content highlight: Hesham Abdul Wahab will do the music of next movie of Mohanlal