| Wednesday, 18th February 2026, 8:44 pm

നായിക കല്യാണി, അമ്മ രമ്യ നമ്പീശന്‍; ശിവാര്‍ത്തികേയന്‍- വെങ്കട് പ്രഭു ചിത്രം സയന്‍സ്ഫിക്ഷനെന്ന് റിപ്പോര്‍ട്ട്

ഐറിന്‍ മരിയ ആന്റണി

ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയുടെ ചരിത്ര വിജയത്തിന് ശേഷം ഇന്‍ഡസ്ട്രിയില്‍ മുഴങ്ങി കേള്‍ക്കുന്ന പേരാണ് കല്യാണി പ്രിയദര്‍ശന്‍. ആഗോളതലത്തില്‍ 300 കോടിയോളം കളക്ഷന്‍ സ്വന്തമാക്കിയ ലോകഃ അന്യഭാഷകളിലും ചര്‍ച്ചാ വിഷയമായിരുന്നു. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയ്ക്ക് സൗത്ത് ഇന്ത്യയില്‍ കിട്ടിയ ഏറ്റവും വലിയ സ്വീകാര്യതയായിരുന്നു ലോകഃയുടെ വിജയം.

സിനിമയുടെ രണ്ടാം ഭാഗത്തില്‍ താനുമുണ്ടാകുമമെന്ന് കല്യാണി കഴിഞ്ഞ ദിവസം വെളുപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കല്യാണിയുടെ അടുത്ത പ്രൊജക്ടിനെ കുറിച്ചുള്ള വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ചിത്രത്തില്‍ കല്യാണി നായികയായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകളാണ് പുറത്തേക്ക് വരുന്നത്. സയന്‍സ് ഫിക്ഷന്‍ ടൈം ട്രാവല്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മലയാളി താരം രമ്യ നമ്പീശന്‍ ശിവകാര്‍ത്തികേയന്റെ അമ്മയായി എത്തുമെന്നാണ് പല സിനിമാപേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവിലെ ബജറ്റ് 180 കോടി രൂപയാണെന്നും എന്നാല്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ നിലവിലെ വിപണി പരിമിതികള്‍ കാരണം ഇത് 160 കോടിയായി ചുരുങ്ങുമെന്നും പറയപ്പെടുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും കഥയില്‍ ശിവകാര്‍ത്തികേയന്‍ സന്തുഷ്ടനാണെന്നും വെങ്കട് പ്രഭു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമാണ് വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 2026 അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സത്യജ്യോതി ഫിലിംസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന് യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

അതേസമയം പരാശക്തിയാണ് ശിവകാര്‍ത്തികേയന്റതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സുധ കൊങ്കരയുടെ സംവിധാനത്തില്‍ ശിവകാര്‍ത്തികയേന്‍, അഥര്‍വ, രവി മോഹന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം എന്നാല്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ശിവകാര്‍ത്തിയേകന്റെ 26ാം ചിത്രമായൊരുങ്ങുന്ന sk26 പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കമല്‍ഹാസനാണ് സിനിമ നിര്‍മിക്കുന്നത്.

കല്യാണി നായികയായെത്തുന്ന ബോളിവുഡ് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നവാഗതനായ ജയ് മേഹ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങാണ് നായകന്‍. സോമ്പി-ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന സിനിമ 300 കോടി രൂപ ബഡ്ജറ്റിലാണെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Content Highlight:  Heroine Kalyani, mother Ramya Nambeesan; Report says Shivarthiyen-Venkat Prabhu film is science fiction

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more