| Monday, 20th January 2025, 4:05 pm

ഹെദരാബാദിന്റെ കോടികള്‍ വെള്ളത്തിലാകുമോ? കണ്ടകശനിയില്‍ വലഞ്ഞ് സൗത്ത് ആഫ്രിക്കയുടെ വജ്രായുധം

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കന്‍ ഫ്രാഞ്ചൈസി ലീഗായ എസ്.എ20യില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിന് വീണ്ടും തോല്‍വി. കഴിഞ്ഞ ദിവസം സെന്റ് ജോര്‍ജ്‌സ് ഓവലില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനെതിരെ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു സൂപ്പര്‍ ജയന്റ്‌സ് പരാജയപ്പെട്ടത്. തൊട്ടുമുമ്പ് നടന്ന മത്സരത്തിലും സണ്‍റൈസേഴ്‌സിനോട് താരം പരാജയപ്പെട്ടിരുന്നു.

ഒരുവശത്ത് സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് മികച്ച പ്രകടനവുമായി തിരിച്ചുവരുമ്പോള്‍ മറുവശത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആരാധകര്‍ നിരാശയിലേക്ക് കൂപ്പുകുത്തുകയാണ്.

എസ്.എ20യില്‍ സൂപ്പര്‍ ജയന്റ്‌സിന്റെയും ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും സൂപ്പര്‍ താരമായ ഹെന്‌റിക് ക്ലാസന്റെ മോശം ഫോമാണ് ആരാധകരെ നിരാശരാക്കുന്നത്. സീസണില്‍ ഇതുവരെ താളം കണ്ടെത്താന്‍ ക്ലാസന് സാധിച്ചിട്ടില്ല.

സീസണിലെ ആദ്യ മത്സരത്തില്‍ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനോട് രണ്ട് റണ്‍സിന് വിജയിച്ച സൂപ്പര്‍ ജയന്റ്‌സിന് ശേഷം ഇതുവരെ വിജയം രുചിക്കാന്‍ സാധിച്ചിട്ടില്ല.

ആദ്യ മത്സരത്തില്‍ തന്നെ ഡക്കായാണ് താരം തുടങ്ങിയത്. നേരിട്ട രണ്ടാം പന്തില്‍ കൈല്‍ വെരായ്‌നെയ്ക്ക് ക്യാച്ച് നല്‍കി സില്‍വര്‍ ഡക്കായാണ് താരം മടങ്ങി. മോശം കാലാവസ്ഥ മൂലം ക്യാപ്പിറ്റല്‍സിനെതിരായ രണ്ടാം മത്സരം ഉപേക്ഷിച്ചു.

ജോബെര്‍ഗ് സൂപ്പര്‍ ജയന്റ്‌സിനെതിരെ 17 പന്തില്‍ 29 റണ്‍സുമായി തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും തൊട്ടടുത്ത മത്സരത്തില്‍ വീണ്ടും മോശം പ്രകടനം ആവര്‍ത്തിച്ചു.

സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനെതിരെ ഈ സീസണിലെ ആദ്യ ഹെഡ് ടു ഹെഡ് മത്സരത്തിലാണ് താരം വീണ്ടും നിരാശനാക്കിയത്. 58 റണ്‍സിന് സൂപ്പര്‍ ജയന്റ്‌സ് പരാജയപ്പെട്ട മത്സരത്തില്‍ അഞ്ച് പന്ത് നേരിട്ട വെറും ഒറ്റ റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ശേഷം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പത്ത് പന്ത് നേരിട്ട് വെറും എട്ട് റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.

സീസണില്‍ ഇതുവരെ 9.5 ശരാശരിയിലും 111.7 സട്രൈക്ക് റേറ്റില്‍ 38 റണ്‍സ് മാത്രമാണ് താരത്തിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചത്. നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് സൂപ്പര്‍ ജയന്റ്‌സ്. അഞ്ച് മത്സരത്തില്‍ നിന്നും ആറ് പോയിന്റ് മാത്രമാണ് ടീമിനുള്ളത്.

ഐ.പി.എല്‍ 2025 മെഗാ താരലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തിയ പ്രധാന താരമാണ് ക്ലാസന്‍. റിറ്റെന്‍ഷനില്‍ ഏറ്റവുധികം തുക ലഭിച്ച താരവും ക്ലാസന്‍ തന്നെയായിരുന്നു. 23 കോടി രൂപയാണ് ഓറഞ്ച് ആര്‍മി തങ്ങളുടെ വിശ്വസ്തനായ വെടിക്കെട്ട് വീരന് നല്‍കിയത്.

എന്നാല്‍ താരം കടന്നുപോകുന്ന മോശം ഫോം ആരാധകരില്‍ വലിയ നിരാശയും ആശങ്കയും ഉണ്ടാക്കുന്നുണ്ട്. ഐ.പി.എല്ലിന് മുമ്പ് താരം മികച്ച ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Henrich Klassen’s poor form continues in SA20

Latest Stories

We use cookies to give you the best possible experience. Learn more