| Wednesday, 22nd April 2026, 10:40 am

ഒന്നല്ല, ദല്‍ഹിക്കെതിരെ പിറന്നത് 'ഇരട്ട സെഞ്ച്വറി'; അഭിഷേകിന് പുറമെ ക്ലാസനും കിടിലന്‍ റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ വമ്പന്‍ വിജയമാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 47 റണ്‍സിനാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 243 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കാന്‍ ഹൈദരാബാദിന് സാധിച്ചു.

അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയിലാണ് ഹൈദരാബാദ് ഉയര്‍ന്ന സ്‌കോറിലെത്തിയത്. നേരിട്ട 47ാം പന്തില്‍ സെഞ്ച്വറിയടിച്ചാണ് താരം മിന്നിത്തിളങ്ങിയത്. 68 പന്തില്‍ 10 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 135* റണ്‍സ് നേടി പുറത്താകാതെയാണ് താരം വെടിക്കെട്ട് പ്രകടനം നടത്തിത്. 198.53 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് ചെയ്തത്.

താരത്തിനൊപ്പം ഹെന്റിക്ക് ക്ലാസന്‍ 13 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 37* റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. 284.62 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഇതോടെ ഒരു കിടിലന്‍ മൈല്‍സ്‌റ്റോണ്‍ സ്വന്തമാക്കാനും ക്ലാസന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന താരമാകാനാണ് ക്ലാസന് സാധിച്ചത്.

നിലവില്‍ 56 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 1800 റണ്‍സും 105* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 41.86 എന്ന ആവറേജും 166.51 എന്ന സ്‌ട്രൈക്ക് റേറ്റും ക്ലാസന്റെ അക്കൗണ്ടിലുണ്ട്. രണ്ട് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ടൂര്‍ണമെന്റില്‍ താരം നേടി. 102 സിക്‌സും 120 ഫോറുമാണ് ക്ലാസന്‍ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് നിതീഷ് റാണയാണ്. ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 30 പന്തില്‍ 57 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. 23 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 37 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. സമീര്‍ റിസ്‌വി 28 പന്തില്‍ 41 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 16 പന്തില്‍ 26 റണ്‍സും നേടി. നാല് വിക്കറ്റ് നേടിയ ഹൈദരാബാദ് സൂപ്പര്‍ പേസര്‍ ഈഷന്‍ മലിംഗയുടെ പ്രകടനമാണ് ദല്‍ഹിയെ തകര്‍ക്കാന്‍ സഹായിച്ചത്.

Content Highlight: Henrich Klaasen Complete 100 Sixes In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more