| Monday, 2nd June 2025, 4:46 pm

കിരീടമെന്ന മോഹം ബാക്കിയാക്കി അവനും പടിയിറങ്ങി; വിരമിക്കല്‍ പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്കന്‍ കരുത്തന്‍

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിക് ക്ലാസന്‍. വളരെ അപ്രതീക്ഷിതമായാണ് താരം തന്റെ വിരമിക്കല്‍ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് അന്ത്രരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുന്നതെന്നാണ് ക്ലാസന്‍ വ്യക്തമാക്കി.

വിരമിക്കല്‍ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെന്നും താന്‍ എന്നും പ്രോട്ടിയസ് ടീമിനെ പിന്തുണക്കുമെന്നും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും പ്രോട്ടിയസ് ബാഡ്ജ് ധരിച്ച് കളിക്കാന്‍ കഴിഞ്ഞത് തന്റെ കരിയറിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ക്ലാസന്‍ ടെസ്റ്റില്‍ നിന്നും വിരമിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി 2018 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ക്ലാസന്‍ 60 ഏകദിനങ്ങളിലും 58 ടി -20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 2141 ഉം ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റില്‍ 1000 ഉം റണ്‍സ് നേടിയിട്ടുണ്ട്. 33കാരനായ താരം ഏകദിനത്തില്‍ നാല് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ടി- 20 യില്‍ അഞ്ച് അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

വമ്പന്‍ അടികള്‍ക്ക് പേരുകേട്ട ക്ലാസന്‍ 2024 ടി – 20 ലോകകപ്പില്‍ റണ്ണേഴ്സ് അപ്പായപ്പോള്‍ താരവും ടീമിന്റെ ഭാഗമായിരുന്നു.

Content Highlight: Henrich Klaasen annouced retirement from International Cricket

We use cookies to give you the best possible experience. Learn more