| Sunday, 31st August 2025, 11:02 pm

ബീഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയില്‍ അണിചേരാന്‍ ഹേമന്ത് സോറനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാറില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തുടരുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും പങ്കെടുക്കും.

യാത്രയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നാളെ (തിങ്കള്‍) രാവിലെ പാട്‌നയിലേക്ക് തിരിക്കുമെന്ന് സോറന്റെ ഓഫീസ് അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയെ പൂര്‍ണമായും പിന്തുണക്കുമെന്ന് ജെ.എം.എമ്മും വ്യക്തമാക്കി. സോറന്‍ രാഹുല്‍ ഗാന്ധിക്കും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനുമൊപ്പം അധികാര്‍ യാത്രയില്‍ പങ്കെടുക്കുന്നത് പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തുമെന്ന് ജെ.എം.എം ജനറല്‍ സെക്രട്ടറി വിനോദ് പാണ്ഡെ പറഞ്ഞു.

ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് ദളിതരെയും പിന്നോക്കക്കാരെയും ന്യൂനപക്ഷങ്ങളെയും കര്‍ഷകരെയും തൊഴിലാളികളെയും തടയുന്നതിന് വേണ്ടിയാണ് ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ബീഹാര്‍ വോട്ടര്‍ പട്ടികയില്‍ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) നടത്തുന്നതെന്നും വിനോദ് പാണ്ഡെ വിമര്‍ശിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആറിനെതിരെ സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജാര്‍ഖണ്ഡ് നിയമസഭയില്‍ ഇതിനോടകം തന്നെ പ്രമേയം പാസാക്കിയിട്ടുണ്ട്. എസ്.ഐ.ആറിനെ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് സോറന്‍ പ്രമേയം പാസാക്കിയത്.

നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ബീഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയില്‍ അണിചേര്‍ന്നിരുന്നു. റാലിക്കിടെ, ബി.ജെ.പി ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കുകയാണെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ പാവയായി മാറിയെന്നും സ്റ്റാലിന്‍ ആരോപിച്ചിരുന്നു.

വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നത് ഭീകരവാദത്തേക്കാള്‍ കുറ്റകരമായ പ്രവൃത്തിയാണെന്നും എം.കെ സ്റ്റാലിന്‍ അധികാര്‍ യാത്രയില്‍ പറഞ്ഞു. ബീഹാറില്‍ നിന്ന് ഏകദേശം 65 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെ ‘ജനാധിപത്യപരമായ കൂട്ടക്കൊല’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

യാത്രയില്‍ സ്റ്റാലിനൊപ്പം സഹോദരിയും എം.പിയുമായ കനിമൊഴി കരുണാനിധി, കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, സി.പി.ഐ (എം.എല്‍) ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ എന്നിവരും പങ്കെടുത്തിരുന്നു.

അതേസമയം 16 ദിവസത്തെ വോട്ടര്‍ അധികാര്‍ യാത്ര സെപ്റ്റംബര്‍ ഒന്നിന് പാട്നയിലെ ഗാന്ധി മൈതാനത്ത് നടക്കുന്ന മഹാറാലിയോടെ സമാപിക്കും.

Content Highlight: Hemant Soren to join Bihar’s voter Adhikar Yatra march

We use cookies to give you the best possible experience. Learn more