| Tuesday, 7th October 2025, 6:09 pm

ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം ഭീരുത്വം, ഭരണഘടനയ്ക്ക് നേരെ കൈ ഉയര്‍ത്തുന്നതിന് തുല്യം: ഹേമന്ത് സോറന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് നേരെ കോടതിമുറിയില്‍ നടന്ന ആക്രമണത്തെ അപലപിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ചീഫ് ജസ്റ്റിന് നേരെയുണ്ടായത് ജനാധിപ്യത്തിന്റെ ആത്മാവിനെതിരായ ആക്രമണമെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് സോറന്റെ പ്രതികരണം.

‘അഭിഭാഷകന്റെ ഭീരുത്വപരമായ പ്രവര്‍ത്തിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ചീഫ് ജസ്റ്റിസ് ഗാവയ്ക്കെതിരായ അതിക്രമം ജനാധിപത്യത്തിന്റെ ആത്മാവിന് നേരെയുള്ള ആക്രമണമാണ്,’ എന്നാണ് സോറന്‍ പ്രതികരിച്ചത്.

ഏതൊരു ജനാധിപത്യ വ്യവസ്ഥയുടെയും ആണിക്കല്ലാണ് ജുഡീഷ്യറിയുടെ അന്തസ്സും സ്വാതന്ത്ര്യവും. അതിനെതിരെ കൈ ഉയര്‍ത്തുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്കെതിരെ കൈ ഉയര്‍ത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ഇന്നലെ (തിങ്കള്‍) പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. നമ്മുടെ സമൂഹത്തില്‍ ഇത്തരം നിന്ദ്യമായ പ്രവര്‍ത്തികള്‍ക്ക് സ്ഥാനമില്ലെന്നും അഭിഭാഷകന്റെ ചെയ്തി രാജ്യത്തെ മുഴുവന്‍ ആളുകളെയും രോഷാകുലരാക്കിയിട്ടുണ്ടെന്നാണ് മോദി പ്രതികരിച്ചത്.

അതേസമയം സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു മോദിയുടെ പ്രതികരണം.

‘നമ്മുടെ സാമൂഹ്യത്തില്‍ വെറുപ്പ്, മതഭ്രാന്ത്, വര്‍ഗീയത എന്നിവ എത്രമാത്രം നിറഞ്ഞുനില്‍ക്കുന്നുവെന്നാണ് അഭിഭാഷകന്റെ പ്രവൃത്തി കാണിക്കുന്നത്,’ എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം.

അഭിഭാഷകന്റെ പെരുമാറ്റം കോടതിക്ക് തന്നെ അപമാനമാണെന്നും ഇതിനെ പരസ്യമായി അപലപിക്കണമെന്നുമാണ് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞത്.

അഭിഭാഷകന്‍ രാകേഷ് കിഷോറാണ് ഗവായ്ക്ക് നേരെ കോടതിമുറിക്കുള്ളില്‍ വെച്ച് ഷൂവെറിഞ്ഞത്. തിങ്കളാഴ്ച രാവിലെ 11.35 ഓടെയാണ് സംഭവം നടന്നത്. ഡയസിനരികിലേക്ക് എത്തിയ അഭിഭാഷകന്‍ ബി.ആര്‍. ഗവായ്ക്ക് നേരെ കാലില്‍ കിടന്നിരുന്ന ഷൂ ഊരി എറിയുകയായിരുന്നു.

സനാതന ധര്‍മത്തെ അപമാനിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകന്റെ അക്രമം. സംഭവത്തെ തുടര്‍ന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രാകേഷ് കിഷോറിനെ സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തില്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് അഭിഭാഷകന്‍.

Content Highlight: Hemant Soren said Attack on Chief Justice is cowardice

We use cookies to give you the best possible experience. Learn more