| Saturday, 1st August 2026, 10:10 pm

ഹെലികോപ്റ്റര്‍: പ്രതിപക്ഷം ട്രോളുകയല്ല, സര്‍ക്കാരിനെ വിമര്‍ശിക്കുകയും അക്കൗണ്ടബിളാക്കുകയുമാണ് വേണ്ടതെന്ന് വി.ടി. ബല്‍റാം

റെന്വര്‍ പി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തിപരമായ ആവശ്യത്തിനായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാം. ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്റര്‍ ദുരുപയോഗം ചെയ്താല്‍ ട്രോളുന്നതിന് പകരം അതിനെതിരെ വിമര്‍ശനമുന്നയിക്കുകയും സര്‍ക്കാരിനെ അക്കൗണ്ടബിള്‍ ആക്കുകയുമാണ് വേണ്ടതെന്ന് ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

‘സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്റര്‍ ഏതെങ്കിലും തരത്തില്‍ ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ അതിന്റെ പേരില്‍ എന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകയല്ല വേണ്ടത്, നാട്ടിലെ ഔദ്യോഗിക പ്രതിപക്ഷം ഉത്തരവാദബോധത്തോടെ അതിനെതിരെ വിമര്‍ശനമുന്നയിക്കുക, സര്‍ക്കാരിനെ അക്കൗണ്ടബിള്‍ ആക്കുക എന്നതാണ്,’ ബല്‍റാം പറഞ്ഞു.

ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തത്തോടെ വിമര്‍ശനമുന്നയിക്കട്ടെ എന്നും ബല്‍റാം പറഞ്ഞു. സര്‍ക്കാര്‍ അതിന് മറുപടി നല്‍കട്ടെയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം അഭിപ്രായപ്പെട്ടു.

‘കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെ അനുവദിച്ച് കാബിനറ്റ് റാങ്കില്‍ പ്രതിപക്ഷ നേതാവിനെ വച്ചിരിക്കുന്നത് ഇതിനൊക്കെ വേണ്ടിയാണ്. ഹെലികോപ്റ്റര്‍ വിഷയത്തില്‍ ഉത്തരവാദിത്തത്തോടെ വിമര്‍ശനമുന്നയിക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കടന്നുവരട്ടെ. സര്‍ക്കാര്‍ അതിന് മറുപടി നല്‍കട്ടെ,’ ബല്‍റാം കുറിച്ചു.

പ്രതിപക്ഷ നേതാക്കളായ മുന്‍മന്ത്രി എം.ബി. രാജേഷും എം.എല്‍.എ വി. ശിവന്‍കുട്ടിയും മുഖ്യമന്ത്രിക്കെതിരെ ഈ വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ പ്രതികരിച്ചിരുന്നു. ‘ഹെലികോപ്റ്റര്‍ യു ടേണ്‍ അടിച്ചെന്നു കേട്ടു. അങ്ങിനെയും ഒരു യു ടേണ്‍,’ എന്നായിരുന്നു ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സതീശന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരികെ തിരുവനന്തപുരത്തേക്ക് തന്നെ പറത്തേണ്ടി വന്നിരുന്നു. ഈ സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വി.ഡി സതീശന്‍ തികച്ചും വ്യക്തിപരമായ ആവശ്യത്തിന് രണ്ട് തവണ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പറന്നെന്ന് എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇതിനെ ആരും ധൂര്‍ത്തെന്ന് വിമര്‍ശിക്കുന്നില്ലെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

‘അതാ ആകാശത്ത് ഒരു സര്‍ക്കാര്‍ ഹെലികോപ്റ്റര്‍. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കതു പറന്നു. ഒരു തവണയല്ല, രണ്ടു തവണ.പ്രളയദുരിതാശ്വാസത്തിനല്ല. ഔദ്യോഗികാവശ്യവുമല്ല. തികച്ചും പേഴ്‌സണല്‍. ധൂര്‍ത്ത് ധൂര്‍ത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ?

പ്രൈംടൈമില്‍ മടിത്തട്ടിലെ അവതാരങ്ങള്‍ ഇന്ന് അലറുമോ? അവര്‍ ഇന്ന് മിക്കവാറും സൈലന്റ് മോഡിലായിരിക്കും,’ രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്നു വി.ഡി. സതീശന്റെ സ്ഥാനത്തെങ്കില്‍ അതിനെതിരെ പലരും വലിയ രീതിയില്‍ ധാര്‍മിക രോഷം പ്രകടിപ്പിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവണമായിരുന്നു. ടോപ് ഗിയറിലായേനെ ധാര്‍മ്മിക രോഷം,’ രാജേഷ് കുറിച്ചു.

Content Highlight: Helicopter row against VD Satheesan- VT Balram Says Opposition to Make Government Accountable

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more