| Saturday, 20th December 2025, 3:37 pm

ഷെരീഫ് ഉസ്മാൻ ഹാദിയുടെ സംസ്കാര ചടങ്ങിന് മുന്നോടിയായി ധാക്കയിൽ കനത്ത സുരക്ഷ

ശ്രീലക്ഷ്മി എ.വി.

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്നിറക്കിയ യുവജന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ ശവ സംസ്കാര ചടങ്ങിന് മുന്നോടിയായി ധാക്കയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.

കഴിഞ്ഞ ദിവസം ധാക്കയിലെ പള്ളിയിൽ നിന്നും പുറത്തിറങ്ങുന്നതിടെ ഉസ്മാൻ ഹാദിക്കുനേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഹാദിയെ സിംഗപ്പൂരിലേക്ക് അടിയന്തര ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബംഗ്ലാദേശ് പാർലമെന്റ് മന്ദിരത്തിലാണ് ഉസ്മാൻ ഹാദിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ധാക്കയിൽ ഉടനീളം ബോഡി ക്യാമറകൾ ധരിച്ച പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സിംഗപ്പൂരിൽ നിന്നുമാണ് ഹാദിയുടെ മൃതദേഹം ധാക്കയിലേക്ക് എത്തിക്കുന്നത്. സ്ഥലത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇടക്കാല സർക്കാർ ധാക്കയിലുടനീളം അർദ്ധ സൈനിക വിഭാഗമായ ബോർഡർ ഗാർഡ് ബംഗ്ലാദേശിനെ (ബി.ജി.ബി) വിന്യസിച്ചിട്ടുണ്ട്.

സാങ്‌സദ് ഭബനിലും പരിസരത്തും ഡ്രോണുകൾ പറത്തരുതെന്നും പങ്കെടുക്കുന്നവർ ബാഗുകളോ ഭാരമുള്ള വസ്തുക്കളോ കൊണ്ടുപോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

വിമാനത്താവളം, കർവാൻ ബസാർ, ഹോട്ടൽ ഇന്റർകോണ്ടിനെന്റൽ സോൺ, ധാക്കയിലെ മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിലും ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

2024 ൽ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർത്ഥി പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഗ്രൂപ്പായ ഇങ്ക്വിലാബ്‌ മഞ്ചയുടെ നേതാവായിരുന്നു ഉസ്മാൻ ഹാദി.

കുടുംബത്തിന്റെ ആഗ്രഹപ്രകാരം ദേശീയ കവി കാസി നസ്രുൾ ഇസ്‌ലാമിന്റെ ശവകുടീരത്തിന് സമീപം ഹാദിയെ സംസ്‌കരിക്കുമെന്ന് ഇങ്ക്വിലാബ് മഞ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

ഉസ്മാൻ ഹാദിയുടെ ശവസംസ്കാര ചടങ്ങിനിടെ അക്രമത്തിനും ഗതാഗതക്കുരുക്കിനും സാധ്യതയുണ്ടെന്ന് ബംഗ്ലാദേശിലെ പൗരന്മാർക്ക് യു.എസ് മുന്നറിയിപ്പ് നൽകി.

സമാധാനപരമായ ഒത്തുചേരലുകൾ ഏറ്റുമുട്ടലിലേക്കും പ്രതിഷേധങ്ങളിലേക്കും നയിച്ചേക്കുമെന്നും ജാഗ്രത പാലിക്കണമെന്നും അമേരിക്ക അറിയിച്ചു.

ഉസ്മാൻ ഹാദിയുടെ മരണത്തിൽ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച നടന്ന അക്രമത്തെ തുടർന്നാണ് യു.എസിന്റെ മുന്നറിയിപ്പ്. ആക്രമണത്തിൽ രണ്ട് പ്രധാന മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾ കത്തിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlight: Heavy security in Dhaka ahead of Sharif Usman Hadi’s funeral

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more