തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരും. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മഴ ശക്തമാവുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും താമശ്ശേരി ചുരത്തിലും പാല്‍ചുരത്തിലും ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്നും വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
ചുരത്തിലൂടെയുള്ള യാത്ര പരിമിതപ്പെടുത്തണമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
കേരള സര്‍വകാലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. തിയറി, പ്രാക്ടിക്കല്‍, വൈവ ഉള്‍പ്പെടെയുള്ളവയ്ക്ക് ബാധകമാണ്. പുതുക്കിയ തീയതി പിന്നീടറിയിക്കും.
കേരള സര്‍വകലാശാല പഠന വകുപ്പുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. കാസര്‍ഗോഡ് ജില്ലയില്‍ കോളജുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്രസ ഉള്‍പ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.
കള്ളകടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം , ആലപ്പുഴ ജില്ലകളിലെ തീരങ്ങളില്‍ കടലാക്രമണ സാധ്യതയും ഉണ്ട്. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (05/08/2026) രാവിലെ 5.30 മുതല്‍ നാളെ (06/08/2026) രാത്രി 11.30 വരെ 1.1 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Content Highlight: Heavy rains to continue; educational institutions in ten districts closed; possibility of sea surges.