| Thursday, 17th July 2025, 6:50 am

മലബാറിൽ ശക്തമായ മഴ; കോഴിക്കോട് ഉരുൾപൊട്ടിയതായി സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴക്ക് പിന്നാലെ മലയോര മേഖലയായ കുറ്റ്യാടിയിൽ ഉരുൾ പൊട്ടിയതായി സംശയം. കുറ്റ്യാടിയിലെ മരുതോങ്കര പഞ്ചായത്തിലെ തൃക്കൻതോടാണ് ഉരുൾ പൊട്ടിയതായി സംശയം. ഇന്നലെ രാത്രിയോടുകൂടി ഉരുൾപൊട്ടൽ ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു.

ഉരുൾപൊട്ടൽ സൂചനയുള്ളതിനാൽ വിവിധയിടങ്ങളിൽനിന്ന്‌ 29 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഉന്നതിയിലെ 13 കുടുംബങ്ങളെയും തൃക്കൻതോട് മേഖലയിലെ 16 കുടുംബങ്ങളെയുമാണ്‌ മാറ്റി താമസിപ്പിച്ചത്‌.ജനങ്ങളോട്‌ ജാഗ്രത പാലിക്കാൻ അധിതർ അറിയിച്ചു. കുറ്റ്യാടി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതോടെ ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.

ഇന്നലെ ഉച്ചയോടുകൂടി തുടങ്ങി അർധരാത്രി വരെ നീണ്ട മഴയാണ് ഉരുൾപൊട്ടലിന് കാരണമായത്. കോഴിക്കോട് ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ഇടവിട്ടുള്ള മഴ തുടരുകയാണ്. തൊട്ടിൽപ്പാടം മുള്ളംകുന്ന് റോഡും പ്രദേശവുമെല്ലാം പൂർണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്.

കനത്ത മഴക്ക് പിന്നാലെ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായത്തിനെത്തുടര്‍ന്ന് കാസര്‍ഗോഡ്,കണ്ണൂര്‍,  കോഴിക്കോട്, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്ക് ഇന്ന് (ജൂലൈ 17 വ്യാഴാഴ്ച) ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് പുറമെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

കാസര്‍ഗോഡ്  ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.

Content Highlight: Heavy rains in Malabar; Landslide suspected in Kozhikode

We use cookies to give you the best possible experience. Learn more