| Saturday, 1st August 2026, 10:54 pm

മഴക്കെടുതികളില്‍ ആറ് മരണം സ്ഥിരീകരിച്ചു; നാളെ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

റെന്വര്‍ പി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴക്കെടുതികളില്‍ ആറ് മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. വൈകിട്ട് ആറ് മണി വരെയുള്ള കണക്കുകളാണിത്. ആറ് പേരെ മഴക്കെടുതിയില്‍ കാണാതായെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രസ്താവനയില്‍ മുഖ്യമന്ത്രി അറിയിച്ചു.

മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എല്‍.എമാരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ബന്ധപ്പെട്ട് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട്. വിവിധ സേനാവിഭാഗങ്ങള്‍ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് തിരച്ചില്‍. രാവിലെ കനത്ത മഴ പെയ്ത മേഖലകളില്‍ വൈകുന്നേരത്തോടെ മഴ കുറഞ്ഞത് ആശ്വാസമാണ്. വിവിധ അണക്കെട്ടുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു,

മഴക്കെടുതികളെ തുടര്‍ന്ന് 17 വീടുകള്‍ പൂര്‍ണമായും 127 വീടുകള്‍ ഭാഗികമായും തകര്‍ന്നു. സംസ്ഥാനത്ത 65 ദുരുതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1465 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തയിട്ടുണ്ടെന്നും മുഖ്യന്ത്രി അറിയിച്ചു.

മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ മേഖലയില്‍ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. വയനാട് മേപ്പാടിയില്‍ 177 മില്ലി മീറ്റര്‍ മഴ പെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് നാളെ 12 ജില്ലകളില്‍ അതി തീവ്ര മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

സംസ്ഥാനത്ത്  ഇന്ന്‌ ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ടും മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും  കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.

വിവിധ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളിലം നദികള്‍ക്ക് സമീപമുള്ള മേഖലകളിലും വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. വിവിധ നദികളില്‍ ജലനിരപ്പ് അപകട നില പിന്നിട്ടു. മൂവാറ്റുപുഴ, മീനച്ചില്‍, പെരിയാര്‍ അടക്കമുള്ള നദികള്‍ കരകവിഞ്ഞ് ഒഴുകുന്നുണ്ട്.

ഇന്ന് (ഓഗസ്റ്റ് ഒന്ന്, ശനി) കൂടുതല്‍ നദീ തീരങ്ങളില്‍ പുതുതായി ഓറഞ്ച് യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചു. മൂവാറ്റുപുഴ, കല്ലട, മീനച്ചില്‍, മണിമലയാര്‍, അച്ചന്‍കോവില്‍ നദികളുടെ തീരങ്ങളിലാണ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്.

യാതൊരു കാരണവശാലും ഈ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഈ നദികളുടെ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതര്‍ നിര്‍ദേശിച്ചാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ മാറിത്താമസിക്കാന്‍ തയ്യാറാവണമെന്നും കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

കനത്ത മഴ കാരണം ഗതാഗത നിയന്ത്രണങ്ങളും ജില്ലാ ഭരണകൂടങ്ങള്‍ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ജില്ലാഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ ജില്ലാ കളക്ടര്‍ താല്‍ക്കാലികമായി നിരോധിച്ചു.

വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിന് സമീപം വൈത്തിരി, ലക്കിടി മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ചുരം വഴി അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് വയനാട് കലക്ടര്‍ നിര്‍ദേശിച്ചു.

അവശ്യ സര്‍വീസുകള്‍ മാത്രമേ ചുരത്തിലൂടെ അനുവദിക്കൂ എന്നും കലക്ടര്‍ അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജജ്ജമാകണമെന്ന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

Content Highlight:Heavy rains in Kerala: Six Deaths Officiallly Confirmed, Orange Alert for 12 Districts

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more