| Saturday, 1st August 2026, 6:11 pm

മുന്നറിയിപ്പ് ജനം അറിഞ്ഞപ്പോഴേക്കും വീടുകളില്‍ വെള്ളം കയറി തുടങ്ങി; പാല എം.എല്‍.എ മാണി സി. കാപ്പന്‍

റെന്വര്‍ പി

കോട്ടയം: പാലായില്‍ വെള്ളപ്പൊക്കമുണ്ടായ ചില പ്രദേശങ്ങളില്‍ മുന്നറിയിപ്പ് ജനം അറിഞ്ഞു തുടങ്ങുമ്പോഴേക്കും വെള്ളം കയറി തുടങ്ങിയിരുന്നെന്ന് എം.എല്‍.എ മാണി സി. കാപ്പന്‍. ഇക്കാര്യത്തില്‍ കുറച്ചുകൂടെ ശ്രദ്ധിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പാലയില്‍ പ്രളയ ബാധിത പ്രദേശത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ ഉരുള്‍ പൊട്ടി എന്നുള്ള അറിയിപ്പ് കിട്ടുന്നത് രാത്രി രണ്ടരക്കാണ്. പക്ഷെ അറിയിപ്പ് ജനം അറിഞ്ഞു വരുമ്പോഴേക്കും വെള്ളം ഇവിടെ എത്തിക്കഴിഞ്ഞിരുന്നു. പെട്ടെന്ന് വെള്ളം കയറുമെന്നും വീണ്ടും ഇത്രയും വലിയ സംഭവങ്ങള്‍ നടന്നുള്ള അറിയിപ്പ് അവര്‍ക്ക് കിട്ടിയില്ല എന്നാണ് ജനങ്ങള്‍ പറഞ്ഞതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

നാശനഷ്ടങ്ങളെക്കുറിച്ച് വി.ഡി. സതീശനുമായിട്ട് സംസാരിച്ചിരുന്നു. നാശനഷ്ടങ്ങള്‍ക്ക് കൃത്യമായ പൈസ കൊടുക്കണം. മുന്‍കാലങ്ങളിലെ പോലെ കണക്കെഴുതി അവരെ ബുദ്ധിമുട്ടിക്കരുത്. അടിയന്തരമായ സഹായം എത്തിക്കണമെന്ന് താന്‍ പറഞ്ഞെന്നും മാണി സി കാപ്പന്‍ അറിയിച്ചു.

മൂന്നു മണിക്ക് ഈ സംഭവം ഉണ്ടാകുന്നു. മൂന്നു മണിക്ക് മുന്നറിയിപ്പ് കൊടുത്താല്‍ ആരറിയാന്‍. ആളുകള്‍ എഴുന്നേക്കണ്ടേ. ഇങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ മലയോര മേഖലകളില്‍ എല്ലാം പെട്ടെന്ന് അറിയും. ആളുകള്‍ പരസ്പരം വിളിച്ചും ഫോണ്‍ വിളിച്ചും അല്ലാതെയൊക്കെ അറിയും. ഇവിടേക്കൊന്നും അറിയിപ്പ് കിട്ടിയില്ല. ഇവിടെ വരുന്ന ജനം അറിയാന്‍ അഞ്ചു മണി ആയി. പിന്നെ ഞാന്‍ അറിയുന്നത് അഞ്ചു മണിക്കാണ്.

പാലായിലെ തലനാട് മൂന്ന് പഞ്ചായത്തില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വ്യാപക നാശ നഷ്ടങ്ങള്‍ ഉണ്ടായെന്നും മാണി സി. കാപ്പന്‍ അറിയിച്ചു. ഒരു തൂക്കുപാലം ഒലിച്ചുപോയി. ഒരു കലുങ്കും അതേപടി പോയി. വേറൊരു പാലത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.

വെള്ളപ്പോക്കത്തത്തില്‍ ഇരുപതോളം വീടുകള്‍പോയി. വീട്ടുപകരണങ്ങളെല്ലാം ഒലിച്ചുപോയി. ഒരു വീട്ടിലെ 11 പശുക്കള്‍ മൊത്തം ചത്തുപോയി. ആ പശുക്കളെ കെട്ടിയിട്ടിരിക്കുകയായിരുന്നു. വെള്ളം ഇരച്ചുകേറുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതുകൊണ്ട് ആള്‍നാശം ഉണ്ടായില്ലെന്നും എം.എല്‍.എ പറഞ്ഞു.

ആള്‍നാശം ഉണ്ടായിട്ടില്ലെങ്കിലും മറ്റു ദുരന്തങ്ങളുണ്ടായി. വീടുകള്‍ പൊളിഞ്ഞുപോയി. കടകളില്‍ എല്ലാം വെള്ളം കയറിയെന്നും അദ്ദേഹം വ്യക്തമാക്കി. നിയോജക മണ്ഡലത്തില്‍ ഏഴെട്ട് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആവശ്യം വന്നാല്‍ വീണ്ടും തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlight:Heavy rains in Kerala: Flood In Pala- Response From MLA Mani C Kappan

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more