| Sunday, 22nd February 2026, 10:49 am

'കാണികള്‍ വിയര്‍ക്കരുതല്ലോ' മഴയില്‍ ചോര്‍ന്നൊലിച്ച് രാജ്യാന്തര നിലവാരത്തില്‍ പുതുക്കിപ്പണിത കലൂര്‍ സ്റ്റേഡിയം

രാഗേന്ദു. പി.ആര്‍

കൊച്ചി: നവീകരിച്ച കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്നലെ (ശനി) പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ചോര്‍ച്ച. രാജ്യാന്തര നിലവാരത്തില്‍ സ്‌പോണ്‍സറും ജി.സി.ഡി.എയും പുതുക്കി പണിത സ്റ്റേഡിയമാണ് മഴയില്‍ ചോര്‍ന്നൊലിച്ചത്.

മേല്‍ക്കൂര വഴി സ്റ്റേഡിയത്തിലേക്ക് വെള്ളം കുത്തിയൊഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഐ.എസ്.എല്‍ 2026 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഇന്ന് (ഞായര്‍) നടക്കാനിരിക്കെയാണ് സ്റ്റേഡിയത്തില്‍ ചോര്‍ച്ച കണ്ടെത്തിയത്.

സംഭവം ചര്‍ച്ചയായതോടെ സ്റ്റേഡിയത്തിനകത്തേക്ക് വെള്ളമൊഴുകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സോഷ്യല്‍ മീഡിയയില്‍ സ്പോണ്‍സറെ പരിഹസിച്ചും വിമര്‍ശിച്ചും കമന്റുകളും ഉയരുന്നുണ്ട്.

മെസിക്ക് കുളിക്കാന്‍ ഷവര്‍ എല്ലാം ഉണ്ടല്ലോ, മഴദേവന്‍ അനുഗ്രഹിച്ചില്ലെന്ന് തോന്നുന്നു, കളി കാണാന്‍ വരുന്നവര്‍ക്ക് ഇനി വെള്ളച്ചാട്ടവും കാണാം, മെസി വന്നാല്‍ കേരളം വെള്ളം കിട്ടാത്ത നാടാണെന്ന് പറയരുതല്ലോ, കഴുക്കോല്‍ വരെ അടിച്ചുകൊണ്ട് പോയെന്ന തോന്നുന്നെ, ചൂടൊക്കെ അല്ലേ… ഒരു ഗ്യാപ്പിട്ടതാകും, കലൂര്‍ സ്റ്റേഡിയത്തില്‍ കൃത്രിമ വെള്ളച്ചാട്ടം ഉണ്ടാക്കിയ വക ചെലവ് എട്ട് കോടി എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍.

ഇന്നും ശക്തമായ മഴ തുടര്‍ന്നാല്‍ ഫുട്‌ബോള്‍ ആരാധകര്‍ വെള്ളത്തിലാകുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇന്നത്തെ മത്സരത്തിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികള്‍ക്കായി സ്റ്റേഡിയത്തില്‍ എത്തിയ തൊഴിലാളികളാണ് ചോര്‍ച്ച കണ്ടത്.

അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം ലക്ഷ്യമിട്ട് 70 കോടി രൂപയുടെ നവീകരണം പ്രവര്‍ത്തനങ്ങളാണ് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്നത്. നവീകരണത്തിനായി കൃത്യം എത്ര രൂപ ചെലവായെന്ന് വ്യക്തമല്ല.

അതേസമയം ഐ.എസ്.എല്ലില്‍ മുംബൈ സിറ്റിയുമായുള്ള മത്സരം നടക്കാനിരിക്കെ ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സും ജി.സി.ഡി.എയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരുന്നു. വാടക സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ജി.സി.ഡി.എ കെ.ബി.എഫ്.സിയുടെ ഓഫീസ് അടച്ചുപൂട്ടി.

പത്രസമ്മേളനം നടത്താനെത്തിയ കെ.ബി.എഫ്.സി പ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും പുറത്താക്കുകയും ചെയ്തിരുന്നു.

Content Highlight: Heavy rains cause leakage at renovated Kochi Kaloor International Stadium

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more