| Thursday, 10th July 2025, 9:39 am

ദല്‍ഹിയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ട്; ഗതാഗതം തടസപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ദല്‍ഹിയിലുണ്ടായ കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ബുധനാഴ്ച വൈകീട്ടോടെ ഉണ്ടായ മഴയില്‍ ദല്‍ഹിയിലെ പല റോഡുകളിലും മെട്രോസ്റ്റേഷനുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.

മണ്‍സൂണിന്റെ വടക്കന്‍ ദിശയിലേക്കുള്ള മാറ്റത്തെത്തുടര്‍ന്ന് ദല്‍ഹിയിലെ പല ഭാഗങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. അടുത്ത രണ്ട് ദിവസം കൂടി ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.

വിമാനത്താവളത്തിലെ റണ്‍വേയില്‍ വെള്ളം കേറിയതോടെ വിമാന സര്‍വീസുകളെയും ബാധിച്ചു. യാത്രക്കാര്‍ വിമാന കമ്പനികളുടെ അറിയിപ്പുകള്‍ പാലിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലാണെന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. കാലാവസ്ഥയെത്തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം ആറ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

പല സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിനെ തുടര്‍ന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനും തെരുവുകളില്‍ നിന്നും വെള്ളം നീക്കുന്നതിനും ശ്രമം തുടരുകയാണ്. വ്യാഴാഴ്ച ദല്‍ഹിയില്‍ കൂടുതല്‍ മഴ പെയ്യുമെന്നും വെള്ളിയാഴ്ച മുതല്‍ കുറയുമെന്നും ഐ. എം.ഡി അറിയിച്ചു. ദല്‍ഹിയില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

Content Highlight: Heavy Rain in Delhi, Road Blocked

We use cookies to give you the best possible experience. Learn more