തൃശൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍.
ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഒക്ടോബര്‍ 28) ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടര്‍ ഔദ്യോഗികമായി അറിയിച്ചു.
സി.ബി.എസ്.ഇ, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അംഗനവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. ശക്തമായ മഴയ്ക്കാണ് ജില്ലയില്‍ സാധ്യത. ഇന്ന് (തിങ്കള്‍) കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 28/10/2025 വരെയും കര്‍ണാടക തീരത്ത് 30/10/2025 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശമുണ്ട്.
കേരള തീരത്തും അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമാണ് സാധ്യത.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ മോന്‍-ത ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലും ഒഡിഷയുടെ തെക്കന്‍ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്നാട്ടില്‍ ചെന്നൈ അടക്കമുള്ള വടക്കന്‍ ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മോന്‍-ത തീരം തൊടുന്നതോടെ കിഴക്കന്‍ തീരത്ത് അതിശക്തമായ മഴയും ശക്തമായ കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകുമെന്നും അറിയിപ്പുണ്ട്.
ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ തീരദേശങ്ങളെ ചുഴലിക്കാറ്റ് സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ അതിതീവ്ര ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Content Highlight: heavy rain; Holiday for educational institutions in Thrissur district on Tuesday (tomorrow)